23.4 C
Saudi Arabia
Sunday, March 22, 2026
spot_img

ബിഹാർ തെരഞ്ഞെടുപ്പ്; എൻ.ഡി.എയുടെ മഹാവിജയം ദുരൂഹം, വോട്ട് അട്ടിമറിയെന്ന് കോൺഗ്രസ്

ന്യൂഡൽഹി: ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ എൻ.ഡി.എക്ക് ലഭിച്ച വൻ ഭൂരിപക്ഷ വിജയത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് പ്രതിപക്ഷമായ കോൺഗ്രസ് രംഗത്തെത്തി. തെരഞ്ഞെടുപ്പിൽ വ്യാപകമായ ക്രമക്കേട് നടന്നെന്നും, വോട്ടർപട്ടിക, വോട്ടെടുപ്പ്, വോട്ടെണ്ണൽ പ്രക്രിയകളിലെല്ലാം നിയമവിരുദ്ധമായ ഇടപെടലുകൾ നടന്നതായും കോൺഗ്രസ് ആരോപിച്ചു.

തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ സഹായത്തോടെ സംഘടിതമായ വോട്ടുകൊള്ളയാണ് ബിഹാറിൽ നടന്നതെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ വസതിയിൽ ചേർന്ന നേതൃയോഗം വിലയിരുത്തി. എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ പറയുന്നതനുസരിച്ച്, ബിഹാറിൽ നടപ്പാക്കിയ വോട്ടർപട്ടിക തീവ്ര പരിഷ്‌കരണം (എസ്.ഐ.ആർ.) ബി.ജെ.പി.-ജെ.ഡി.യു. സഖ്യത്തിന് വേണ്ടിയുള്ള നിലമൊരുക്കലായിരുന്നു.

അർഹരായ 65 ലക്ഷത്തോളം പേരെ വോട്ടർപട്ടികയിൽ നിന്ന് പുറത്താക്കിയത് ബി.ജെ.പിക്ക് വേണ്ടിയാണെന്നും അനർഹരായ നിരവധി പേരെ പട്ടികയിൽ ഉൾപ്പെടുത്തിയെന്നും കോൺഗ്രസ് ആരോപിക്കുന്നു. വോട്ടെടുപ്പ് നടപടികളിലെ ക്രമക്കേടുകൾ ചൂണ്ടിക്കാട്ടിയിട്ടും തെരഞ്ഞെടുപ്പ് കമ്മീഷൻ ഏകപക്ഷീയവും പക്ഷപാതപരവുമായ നിലപാടാണ് സ്വീകരിച്ചതെന്നും, കൃത്യമായ ഡാറ്റ ശേഖരിച്ച ശേഷം നിയമനടപടികളിലേക്ക് നീങ്ങുമെന്നും കോൺഗ്രസ് അറിയിച്ചു.

 

 

Related Articles

- Advertisement -spot_img

Latest Articles