എറണാകുളം: തേവര കോന്തുരുത്തിയിൽ സ്ത്രീയുടെ മൃതദേഹം ചാക്കിൽകെട്ടിയ നിലയിൽ കണ്ടെത്തി. കോന്തുരുത്തി പള്ളിക്ക് സമീപമുള്ള ജോർജ് എന്നയാളുടെ വീട്ടുവളപ്പിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം ആരുടേതാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല. സംശയത്തെ തുടർന്ന് വീട്ടുടമയായ ജോർജിനെ എറണാകുളം സൗത്ത് പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണ്.
ശനിയാഴ്ച രാവിലെ ഹരിതകർമസേനാംഗങ്ങൾ മാലിന്യം ശേഖരിക്കാൻ എത്തിയപ്പോഴാണ് അരഭാഗം വരെ ചാക്ക് കൊണ്ട് മൂടിയ നിലയിൽ മൃതദേഹം കണ്ടത്. ഈ സമയം മൃതദേഹത്തിൻ്റെ തൊട്ടടുത്ത് ജോർജ് ഉറങ്ങി ക്കിടക്കുകയായിരുന്നു. ജോർജ് തലേദിവസം മദ്യലഹരിയിലായിരുന്നെന്നും, പട്ടിയെ കുഴിച്ചിടാനാണെന്ന് പറഞ്ഞ് ഇയാൾ സമീപവാസികളോട് ചാക്ക് ആവശ്യപ്പെട്ടതായും പോലീസിന് വിവരം ലഭിച്ചു. പ്രായമായവരെ പരിചരിക്കുന്ന ജോലിയാണ് ജോർജിന്. ജോർജ് കുറച്ചുകാലമായി തനിച്ചാണ് താമസിക്കുന്നത്. വീട്ടിൽ നിന്ന് രാവിലെ ഒച്ച കേട്ടതായി പ്രദേശവാസികൾ പോലീസിന് മൊഴി നൽകിയിട്ടുണ്ട്.



