തിരുവനന്തപുരം: പാലത്തായി പോക്സോ കേസിൽ ഇരയായ പെൺകുട്ടിയെ മാനസികമായി പീഡിപ്പിക്കാൻ ശ്രമിച്ച കൗൺസിലറെ സസ്പെൻഡ് ചെയ്തു. വർഷങ്ങൾ നീണ്ട നിയമപോരാട്ടത്തിനൊടുവിലാണ് വനിത ശിശു വികസന വകുപ്പിന് കീഴിലെ ഉദ്യോഗസ്ഥക്കെതിരെ നടപടിയുണ്ടായത്. കൗൺസിലർക്കെതിരെ അഞ്ച് വർഷം മുൻപ് മുൻ മന്ത്രി കെ.കെ. ശൈലജക്ക് പരാതി നൽകിയിട്ടും നടപടിയെടുത്തില്ലെന്ന് അതിവേഗ പോക്സോ കോടതി വിമർശിച്ചതിന് തൊട്ടുപിന്നാലെയാണ് സസ്പെൻഷൻ.
ബി.ജെ.പി. പ്രവർത്തകനായ പ്രതിക്ക് വേണ്ടി ഉന്നതതല ഇടപെടലുകൾ നടന്ന കേസാണിത്. കുട്ടിയോട് കൗൺസിലിങ് നടത്തിയ ഉദ്യോഗസ്ഥ, അശ്ലീലച്ചുവയുള്ള ചോദ്യങ്ങൾ ചോദിച്ച് അന്വേഷണം വഴിതെറ്റിക്കാനും പ്രതിക്ക് അനുകൂലമായ സാഹചര്യം സൃഷ്ടിക്കാനും മനഃപൂർവം ശ്രമിച്ചതായി കോടതി കണ്ടെത്തിയിരുന്നു. കുട്ടിയെ മാനസികമായി പീഡിപ്പിക്കാൻ ശ്രമിച്ചപ്പോൾ സ്ഥലത്തുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥൻ എന്ത് കൊണ്ട് ഇടപെട്ടില്ല എന്നും കോടതി രൂക്ഷമായി വിമർശിച്ചിരുന്നു.



