18.7 C
Saudi Arabia
Sunday, March 22, 2026
spot_img

വെള്ളാപ്പള്ളി നടേശൻ വർഗീയവാദിയല്ല; പ്രധാനപ്പെട്ട സമുദായ നേതാവാണ് – എ. വിജയരാഘവൻ

കോഴിക്കോട്: എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഒരു ഹിന്ദു വർഗീയവാദിയാണെന്ന നിലപാട് സി.പി.എം. അംഗീകരിക്കുന്നില്ലെന്ന് സി.പി.എം. പോളിറ്റ് ബ്യൂറോ അംഗം എ. വിജയരാഘവൻ കോഴിക്കോട്ട് നടത്തിയ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.

വെള്ളാപ്പള്ളി നടേശൻ കേരളത്തിലെ പ്രധാനപ്പെട്ട ഒരു സമുദായ നേതാവാണ്. അദ്ദേഹം തന്റെ രാഷ്ട്രീയ നിലപാടുകൾ അപ്പപ്പോൾ പ്രകടിപ്പിക്കാറുണ്ട്. വെള്ളാപ്പള്ളിയുടെ നിലപാടുകൾ പൊതുസമൂഹ ധാരണക്ക് എതിരാണെങ്കിൽ സി.പി.എം. അതിനെ വിമർശിക്കും. എന്നാൽ, അദ്ദേഹം ഒരു വർഗീയവാദിയാണെന്ന് ആരും പറഞ്ഞുകേട്ടിട്ടില്ല.

എസ്.എൻ.ഡി.പി. യോഗം കേരളത്തിന്റെ പൊതുസ്വത്താണ്. സമുദായങ്ങൾക്കകത്ത് മാറ്റമുണ്ടാക്കാൻ പ്രചോദനം നൽകിയ പ്രസ്ഥാനമായാണ് എസ്.എൻ.ഡി.പി.യെ സാമൂഹ്യമായി വിലയിരുത്തുന്നത്. സംസ്ഥാന സർക്കാരുകളുടെ അധികാരത്തിലേക്ക് കടന്നുകയറ്റം നടക്കുന്നുവെന്നും, ഉന്നത വിദ്യാഭ്യാസ മേഖലയിൽ ആർ.എസ്.എസുകാരെ വൈസ് ചാൻസലർമാരാക്കാൻ ശ്രമിക്കുന്ന ഇത്തരം വി.സിമാർക്ക് യു.ഡി.എഫ്. പിന്തുണ നൽകുന്നുവെന്നും വിജയരാഘവൻ ആരോപിച്ചു.

എല്ലാത്തിനെയും വർഗീയമാക്കി മാറ്റാനാണ് ആർ.എസ്.എസ്. ശ്രമിക്കുന്നത്, ഇതിന് യു.ഡി.എഫ്. പിന്തുണ നൽകുന്നു. വർഗീയ ചേരിതിരിവുണ്ടായാൽ ഗുണം കിട്ടുമെന്നാണ് കോൺഗ്രസ് കരുതുന്നത്. ഹിന്ദു വർഗീയതയെയും ന്യൂനപക്ഷ വർഗീയതയെയും കോൺഗ്രസ് സഹായിക്കുന്നുണ്ടെന്നും അദ്ദേഹം വിമർശിച്ചു.

ഇടതുപക്ഷം അതീവ ജാഗ്രതയോടെയാണ് പ്രവർത്തിക്കുന്നത്. തീവ്ര വർഗീയതക്കെതിരായി ജനങ്ങളെ അണിനിരത്താനും ബി.ജെ.പി.യുടെ വളർച്ചയെ പ്രതിരോധിക്കാനും എൽ.ഡി.എഫിന് കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Related Articles

- Advertisement -spot_img

Latest Articles