ന്യൂഡൽഹി: ഫരീദാബാദിലെ അൽ ഫലാഹ് സർവകലാശാലയുടെ ന്യൂനപക്ഷ പദവി എടുത്തുകളയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. ഡൽഹി സ്ഫോടനക്കേസിൽ പ്രതിചേർക്കപ്പെട്ടവരുമായി ബന്ധമുണ്ടെന്ന ആരോപണത്തെ തുടർന്നാണ് ഇത്തരത്തിലുള്ള നടപടി. ന്യൂനപക്ഷ പദവി എടുത്തുകളയാതിരിക്കാൻ കാരണം ബോധ്യപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ദേശീയ ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപന കമ്മീഷൻ (എൻ.സി.എം.ഇ.ഐ) സർവകലാശാലയ്ക്ക് കാരണംകാണിക്കൽ നോട്ടീസ് നൽകി.
ഡൽഹി സ്ഫോടനത്തിന് ഉപയോഗിച്ച കാർ ഡ്രൈവറും കേസിൽ പ്രതിചേർക്കപ്പെട്ട ഡോ. മുസമ്മിൽ ഷക്കീലും സർവകലാശാലയിലെ ജീവനക്കാരായിരുന്നു എന്നതാണ് ഈ നീക്കത്തിന് പിന്നിലെ പ്രധാന കാരണം. വിഷയത്തിൽ സർവകലാശാലയുടെ ഭാഗം കേൾക്കുന്നതിനായി അടുത്ത മാസം നാലിന് ഹാജരാകാൻ കമ്മീഷൻ നിർദേശം നൽകിയിട്ടുണ്ട്.



