23.4 C
Saudi Arabia
Sunday, March 22, 2026
spot_img

ജീൻ തെറാപ്പി വിജയകരം, അപൂർവ രോഗത്തെ കീഴടക്കി മൂന്ന് വയസ്സുകാരൻ

കാലിഫോർണിയ: ഹണ്ടർ സിൻഡ്രോം എന്ന അപൂർവ ജനിതക രോഗത്തിന് ജീൻ തെറാപ്പിക്ക് വിധേയനായ ഒലിവർ ചു എന്ന മൂന്ന് വയസ്സുകാരന്റെ അതിജീവനം ആരോഗ്യരംഗത്തെ പുതിയ പ്രതീക്ഷയായി മാറുന്നു. അത്ഭുതപ്പെടുത്തുന്ന പുരോഗതിയാണ് കുട്ടിയുടെ ആരോഗ്യത്തിൽ ഉണ്ടാക്കിയതെന്ന് ചികിത്സ നടത്തിയ ഡോക്ടർമാർ അറിയിച്ചു.  റോയൽ മാഞ്ചസ്റ്റർ ചിൽഡ്രൻസ് ഹോസ്പിറ്റലിലെ മെഡിക്കൽ സംഘമാണ് കോശങ്ങളിൽ മാറ്റം വരുത്തി ജീൻ തെറാപ്പിയിലൂടെ ഒലിവറിന് ചികിത്സ നൽകിയത്. ലോകത്തിൽ ആദ്യമായാണ് ജനിതക രോഗത്തിന് ഇത്തരത്തിലൊരു ചികിത്സ നടത്താനുള്ള ശ്രമം ഉണ്ടാവുന്നത്.

ശരീരത്തെയും തലച്ചോറിനെയും ക്രമേണ തകരാറിലാക്കുന്ന ഒരു ജനിതക അവസ്ഥയാണ് ഹണ്ടർ സിൻഡ്രോം അഥവാ മ്യൂക്കോപൊളിസാക്കറിഡോസിസ് ടൈപ്പ് II. രോഗത്തിൻ്റെ ഏറ്റവും ഗുരുതരമായ കേസുകളിൽ, ബുദ്ധിപരമായ വികാസത്തെ തടസ്സപ്പെടുത്തുകയും ആയുർദൈർഘ്യം കുറയ്ക്കുകയും ചെയ്യും. സാധാരണയായി 20 വയസ്സിന് മുൻപ് മരിക്കാനുള്ള സാധ്യത കൂടുതലാണ്.

തകരാറുള്ള ജീനുകൾ കാരണം കുഞ്ഞിന് കോശങ്ങളെ ആരോഗ്യത്തോടെ നിലനിർത്താൻ ആവശ്യമായ എൻസൈം ഉത്പാദിപ്പിക്കാൻ കഴിഞ്ഞിരുന്നില്ല. രക്തത്തിൽ നിന്ന് സ്റ്റെം സെല്ലുകൾ ശേഖരിച്ച് അവയെ ലാബിൽ വെച്ച് മാറ്റം വരുത്തി തിരികെ നൽകുകയായിരുന്നു. ചികിത്സക്ക് ശേഷം, ഒലിവറിൻ്റെ സംസാരത്തിലും ചലനശേഷിയിലും മികച്ച പുരോഗതി കാണിക്കുകയും, ശരീരത്തിന് ആവശ്യമായ എൻസൈം സ്വന്തമായി ഉത്പാദിപ്പിക്കുകയും ചെയ്യുന്നുണ്ട്.

ഒലിവറിൻ്റെ സഹോദരൻ സ്കൈലറിനും ഇതേ അസുഖമുണ്ട്.  ഈ നിർണായക ചികിത്സ അവനും ലഭ്യമാകുമെന്നാണ് മാതാപിതാക്കളുടെ പ്രതീക്ഷ. ജീൻ തെറാപ്പി ചികിത്സയിലൂടെ ഒലിവർ പൂർണമായും സുഖം പ്രാപിക്കുമെന്നും, തുടർന്നുള്ള നിരീക്ഷണങ്ങളിൽ രോഗം വീണ്ടും വരാനുള്ള സാധ്യതയില്ലെന്നും ഡോക്ടർമാർ കരുതുന്നു. ലോകമെമ്പാടുമുള്ള ഹണ്ടർ സിൻഡ്രോം രോഗികൾക്ക് ഒരു പ്രതീക്ഷ നൽകുന്ന ഒന്നാണ് ഒലിവർ ചുവിന്റെ ചികിത്സയുടെ വിജയം

Related Articles

- Advertisement -spot_img

Latest Articles