റിയാദ്: ഇസ്‌ലാമിക് കൾചറൽ ഫൗണ്ടേഷൻ (ഐ.സി.എഫ്) റിയാദ് റീജിയൺ നിർമ്മിച്ച ദാറുൽ ഖൈർ സമർപ്പണം നടത്തി. റിയാദ് റീജിയൺ പണി തീർത്ത 12-ാമത് സ്നേഹഭവനത്തിൻറെ താക്കോൽ ദാനം കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന ജനറൽ സെക്രട്ടറി സയ്യിദ് ഇബ്രാഹിം ഖലീലുൽ ബുഖാരി നിർവഹിച്ചു. വളാഞ്ചേരി പോത്തന്നൂർ പള്ളിപ്പടിയിലായിരുന്നു വീട് നിർമിച്ചു നൽകിയത്.
പ്രവാസി സംഘടനകൾ നടത്തുന്ന ജീവ കാരുണ്യ സേവന പ്രവർത്തങ്ങൾ വളരെ പ്രശംസനീയമാണ്. ജീവിതം കരുപിടിപ്പിക്കുവാൻ കഠിന പ്രയത്നം നടത്തുമ്പോഴും ദുരിതമനുഭവിക്കുന്ന സഹജീവികളെ ചേർത്ത് പിടിക്കാനും അവരുടെ കണ്ണീരൊപ്പാനും പ്രവാസികൾ എപ്പോഴും മുൻകൈയെടുക്കുന്നു. കൊറോണക്കാലത്തും മഴക്കെടുതിയിലും കേരളം വിറങ്ങലിച്ചപ്പോൾ പ്രവാസികൾ നൽകിയ കൈത്താങ്ങാണ് കേരളത്തെ പിടിച്ചുനിർത്തിയതെന്ന് ഖലീൽ തങ്ങൾ പറഞ്ഞു.
വെള്ളപ്പൊക്കത്തിലും ഉരുൾപൊട്ടലിലും വീടുകൾ നഷ്ടപെട്ട കവളപ്പാറയിലെയും വയനാട്ടിലെയും നിരാലംബർക്ക് ഐസിഎഫ് വീടുകൾ നിർമിച്ചു നൽകിയിട്ടുണ്ട്. കേരളത്തിലും കേരളത്തിന് പുറത്തും നടക്കുന്ന വിദ്യാഭ്യാസ സാമൂഹ്യക്ഷേമ പ്രവർത്തനങ്ങൾക്കും റിയാദ് ഐസിഎഫ് നിർലോഭം സഹായങ്ങൾ നൽകി വരുന്നുണ്ടെന്നും സുമനസ്സുകൾ നൽകുന്ന പിന്തുണയാണ് ഐസിഎഫിൻറെ പ്രവർത്തനങ്ങൾക്ക് കരുത്ത് പകരുന്നതെന്നും ഐ സി എ ഫ് നേതാക്കൾ പറഞ്ഞു. ഐസിഎഫ് റീജിയൻ ജനറൽ സെക്രട്ടറി ഇബ്രാഹീം കരീം, റീജിണൽ എമിനൻസ് സെക്രട്ടറി ഇസ്‌മായീൽ സഅദി എന്നിവർ പങ്കെടുത്തു.



