20.1 C
Saudi Arabia
Wednesday, February 4, 2026
spot_img

നിരാഹാര സമരം; രാഹുൽ ഈശ്വറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

തിരുവനന്തപുരം: സൈബർ കേസിൽ അറസ്റ്റിലായി ജയിലിൽ പ്രവേശിപ്പിച്ചതിന് പിന്നാലെ നിരാഹാര സമരം ആരംഭിച്ച രാഹുൽ ഈശ്വറിനെ ആരോഗ്യനില വഷളായതിനെ തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എക്കെതിരെ പരാതി നൽകിയ യുവതിയെ സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ചെന്ന കേസിലാണ് മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്ന് രാഹുൽ ഈശ്വർ അറസ്റ്റിലായത്. ജയിലിൽ നിരാഹാരം പ്രഖ്യാപിച്ചതോടെ ആദ്യം പൂജപ്പുര ജയിലിൽ നിന്ന് സെൻട്രൽ ജയിലിലേക്ക് മാറ്റുകയായിരുന്നു.

അതേസമയം, രാഹുൽ ഈശ്വർ നൽകിയ ജാമ്യഹർജിയിൽ തിരുവനന്തപുരം അഡീഷണൽ സി.ജെ.എം. കോടതിയിൽ വാദം പൂർത്തിയാകാത്തതിനാൽ നാളെയും തുടരും. വീഡിയോയിൽ എഫ്.ഐ.ആർ. വായിക്കുക മാത്രമാണ് ചെയ്തതെന്നും പരാതിക്കാരെ അവഹേളിക്കുന്ന യാതൊന്നും ഇല്ലെന്നുമായിരുന്നു പ്രതിഭാഗത്തിൻ്റെ വാദം. എന്നാൽ, രാഹുൽ ഈശ്വർ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും കേസിൽ കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും പ്രോസിക്യൂഷൻ വാദിച്ചു.

ഇതിനിടെ, ഒളിവിൽ പോയ രാഹുൽ മാങ്കൂട്ടത്തിലിനെ സഹായിച്ചു എന്നാരോപിച്ച് കസ്റ്റഡിയിലെടുത്ത പേഴ്സണൽ സ്റ്റാഫ് അംഗങ്ങളായ ഫസൽ അബ്ബാസിനെയും ഡ്രൈവർ ആൽവിനെയും അറസ്റ്റ് രേഖപ്പെടുത്താതെ പോലീസ് വിട്ടയച്ചു. പോലീസ് നിയമവിരുദ്ധമായി കസ്റ്റഡിയിലെടുത്തതായി ചൂണ്ടിക്കാട്ടി ബന്ധുക്കൾ ഡി.ജി.പിക്ക് പരാതി നൽകിയതിന് പിന്നാലെയാണ് ഇവരെ വിട്ടയക്കാൻ അന്വേഷണ സംഘം തയ്യാറായത്.

 

Related Articles

- Advertisement -spot_img

Latest Articles