മലപ്പുറം: മലപ്പുറം ജില്ലയിലെ പൊന്നാനി കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്ന അന്തർസംസ്ഥാന ബന്ധമുള്ള വൻ വ്യാജ സർട്ടിഫിക്കറ്റ് നിർമ്മാണ സംഘത്തെ പോലീസ് പിടികൂടി. ‘ഡാനി’ എന്ന വ്യാജപേരിലറിയപ്പെട്ടിരുന്ന മുഖ്യസൂത്രധാരൻ തിരൂർ സ്വദേശി ധനീഷ് (37), റിക്രൂട്ടിങ് സ്ഥാപന ഉടമ ഇർഷാദ് (39), രാഹുൽ, നിസ്സാർ, തിരുവനന്തപുരം സ്വദേശി ജസീം എന്നിവരടങ്ങിയ സംഘമാണ് അറസ്റ്റിലായത്.
മലപ്പുറം ജില്ലാ പോലീസ് മേധാവിയുടെ രഹസ്യവിവരത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന തട്ടിപ്പ് പുറത്തുവന്നത്. 75,000 രൂപ മുതൽ 1.5 ലക്ഷം രൂപ വരെ ഈടാക്കിയാണ് ഇവർ ഡിഗ്രി, പി.ജി ഉൾപ്പെടെയുള്ള വ്യാജ സർട്ടിഫിക്കറ്റുകൾ വിറ്റിരുന്നത്. തമിഴ്നാട്ടിലെ പൊള്ളാച്ചിയിലും ശിവകാശിയിലുമായിരുന്നു സർട്ടിഫിക്കറ്റുകളുടെ നിർമ്മാണം.
ശിവകാശിയിൽ നടത്തിയ റെയ്ഡിൽ 63 ലക്ഷത്തോളം വ്യാജ സർട്ടിഫിക്കറ്റുകൾ പ്രിൻ്റ് ചെയ്യാനുള്ള പേപ്പറുകൾ, വിവിധ സർവകലാശാലകളുടെ ഹോളോഗ്രാം, സീലുകൾ എന്നിവ പിടിച്ചെടുത്തു. ഈ വ്യാജ സർട്ടിഫിക്കറ്റുകൾ ഉപയോഗിച്ച് വിദേശത്തും സ്വദേശത്തും സർക്കാർ സർവീസുകളിൽ ഉൾപ്പെടെ ജോലി നേടിയവരെ കണ്ടെത്താൻ പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. അറസ്റ്റിലായ പ്രതികളെ കോടതി റിമാൻഡ് ചെയ്തു.



