പാലക്കാട്: തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പാലക്കാട് കല്ലേക്കാട് കോൺഗ്രസ് നേതാവിന്റെ വീടിന് നേരെ ആക്രമണം നടന്നു. പാലക്കാട് ഡി.സി.സി. സെക്രട്ടറി നന്ദബാലന്റെ വീട്ടിലേക്ക് അതിക്രമിച്ചു കയറിയാണ് ഒരു സംഘം ആക്രമണമഴിച്ചുവിട്ടത്. ബുധനാഴ്ച അർധരാത്രിയോടെയാണ് സംഭവം.
ആക്രമണത്തിൽ ഒരു കെ.എസ്.യു. പ്രവർത്തകന്റെ കണ്ണിന് ഗുരുതരമായി പരിക്കേറ്റു. തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ബോർഡ് വെക്കുന്നതുമായി ബന്ധപ്പെട്ട് ഈ മേഖലയിൽ നേരത്തെ ബി.ജെ.പി.-കോൺഗ്രസ് പ്രവർത്തകർ തമ്മിൽ തർക്കമുണ്ടായിരുന്നു. ഈ വാക്കേറ്റം സംഘർഷത്തിലേക്ക് വഴിമാറിയതോടെ കോൺഗ്രസ് പ്രവർത്തകർ ഡി.സി.സി. സെക്രട്ടറിയുടെ വീട്ടിലേക്ക് ഓടിക്കയറുകയായിരുന്നു.
പിന്നാലെ എത്തിയ അക്രമി സംഘം വീടിന് നേരെ കല്ലേറ് നടത്തി. സംഭവവുമായി ബന്ധപ്പെട്ട് കല്ലേക്കാട് സ്വദേശികളായ അഞ്ച് ബി.ജെ.പി. പ്രവർത്തകരെ പാലക്കാട് ടൗൺ നോർത്ത് പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കൂടുതൽ അന്വേഷണം നടന്നുവരികയാണ്.



