തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരം കോർപ്പറേഷനിലെ കവടിയാർ വാർഡിൽ മുൻ എം.എൽ.എ.യും കോൺഗ്രസ് നേതാവുമായ അഡ്വ. കെ.എസ്. ശബരീനാഥന് ഉജ്ജ്വല വിജയം. ബി.ജെ.പി. സ്ഥാനാർത്ഥി എസ്. മധുസൂദനൻ നായരെയാണ് ശബരീനാഥൻ പരാജയപ്പെടുത്തിയത്.
കോർപ്പറേഷനിലെ യു.ഡി.എഫിന്റെ മേയർ സ്ഥാനാർഥിയായാണ് കോൺഗ്രസ് കെ.എസ്. ശബരീനാഥനെ രംഗത്തിറക്കിയത്. മുൻ സ്പീക്കറായിരുന്ന ജി. കാർത്തികേയന്റെ മകനായ അദ്ദേഹം 2015-ലെ ഉപതെരഞ്ഞെടുപ്പിലൂടെയാണ് അരുവിക്കരയിൽ നിന്നും നിയമസഭയിലെത്തിയത്. തുടർന്ന് 2016-ൽ വീണ്ടും എം.എൽ.എ. ആയി തെരഞ്ഞെടുക്കപ്പെട്ടെങ്കിലും 2021-ലെ തെരഞ്ഞെടുപ്പിൽ സി.പി.എമ്മിലെ ജി. സ്റ്റീഫനോട് പരാജയപ്പെട്ടിരുന്നു. യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ്, കെ.പി.സി.സി. ജനറൽ സെക്രട്ടറി തുടങ്ങിയ പദവികൾ അദ്ദേഹം വഹിച്ചിട്ടുണ്ട്.



