23.4 C
Saudi Arabia
Sunday, March 22, 2026
spot_img

ഇരട്ട പ്രഹരത്തിൽ എൽ.ഡി.എഫ്.; ഭരണവിരുദ്ധ വികാരവും ന്യൂനപക്ഷ അകൽച്ചയും തിരിച്ചടി

തിരുവനന്തപുരം: മൂന്നാം ഇടതുസർക്കാരിലേക്കുള്ള ചവിട്ടുപടിയായി തദ്ദേശ തെരഞ്ഞെടുപ്പ് ഫലം മാറുമെന്ന എൽ.ഡി.എഫിന്റെ അമിത ആത്മവിശ്വാസത്തിന് കനത്ത പ്രഹരമേൽപ്പിച്ചാണ് ഫലം പുറത്തുവന്നത്. യു.ഡി.എഫ്. തരംഗം ഉണ്ടായാലും പിടിച്ചുനിൽക്കുമെന്ന് പ്രതീക്ഷിച്ച കൊല്ലം, കണ്ണൂർ അടക്കമുള്ള ജില്ലകളിൽ പോലും കനത്ത തിരിച്ചടി നേരിട്ടത് മുന്നണിക്ക് വലിയ ആഘാതമായി.

ഹിന്ദു സമുദായ സംഘടനകളെ ചേർത്തുപിടിച്ചും മുസ്ലിം സംഘടനകളെ ‘തീവ്രവാദവത്കരിച്ചും’ സി.പി.എം. നടത്തിയ സോഷ്യൽ എൻജിനീയറിങ് അടക്കമുള്ള തന്ത്രങ്ങൾ വോട്ടർമാർ തള്ളിക്കളയുന്ന കാഴ്ചയാണ് തെരഞ്ഞെടുപ്പ് ഫലം നൽകുന്നത്. ആഗോള അയ്യപ്പ സംഗമം നടത്തി ഭൂരിപക്ഷ പിന്തുണക്ക് ശ്രമിച്ചതും, ന്യൂനപക്ഷ വിഭാഗങ്ങളെ കടന്നാക്രമിച്ച എസ്.എൻ.ഡി.പി. ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർ നിരന്തരം പുകഴ്ത്തിയതും ന്യൂനപക്ഷങ്ങളെ പാർട്ടിയുമായി വലിയ അകലത്തിലാക്കി. കൂടാതെ, പ്രതീക്ഷിച്ച ഭൂരിപക്ഷ വോട്ട് ശബരിമല സ്വർണക്കൊള്ള പുറത്തുവന്നതോടെ ലഭിച്ചില്ല.

സംസ്ഥാനതല ഭരണവിരുദ്ധ വികാരവും ശബരിമല സ്വർണക്കൊള്ള വിശ്വാസി സമൂഹത്തിൽ നീറിപ്പുകഞ്ഞ പകയായി മാറിയതുമാണ് എൽ.ഡി.എഫിന് കൈയിലുണ്ടായിരുന്ന കോർപ്പറേഷനുകളും ജില്ലാ പഞ്ചായത്തുകളും നഷ്ടമാക്കിയത്. സാമൂഹിക സുരക്ഷാ പെൻഷൻ പോലുള്ള ക്ഷേമാനുല്യങ്ങൾ വോട്ടാകുമെന്ന സി.പി.എമ്മിന്റെ കണക്കുകൂട്ടലും തെറ്റി. നാലര പതിറ്റാണ്ട് ഭരിച്ച തിരുവനന്തപുരം കോർപ്പറേഷൻ ബി.ജെ.പി. പിടിച്ചത് സി.പി.എമ്മിന് തോൽവിക്കപ്പുറം കനത്ത പ്രഹരമായി. ഇതോടെ മൂന്നാം ഇടതുസർക്കാർ എന്ന സ്വപ്നം പോലും ത്രിശങ്കുവായിരിക്കുകയാണ്.

 

Related Articles

- Advertisement -spot_img

Latest Articles