ഒഞ്ചിയം ആർ.എം.പി.ഐക്ക്; നാലാം തവണയും അധികാരം നിലനിർത്തി, വടകര മേഖലയിൽ ആധിപത്യം തെളിയിച്ചു

വടകര: സി.പി.എമ്മിൽ നിന്ന് വേർപിരിഞ്ഞ് രൂപീകരിച്ചതിന് ശേഷമുള്ള നാലാമത്തെ തദ്ദേശ തെരഞ്ഞെടുപ്പിലും കരുത്തുതെളിയിച്ച് ആർ.എം.പി.ഐ. യു.ഡി.എഫിനൊപ്പം മത്സരിച്ചാണ് ആർ.എം.പി.ഐ. മികച്ച വിജയം നേടിയത്. ഒഞ്ചിയം പഞ്ചായത്തിന്റെ ഭരണം നാലാം തവണയും ആർ.എം.പി.ഐ. നേതൃത്വം നൽകുന്ന മുന്നണി നിലനിർത്തി. ഇവിടെ ഏഴ് സീറ്റുമായി ആർ.എം.പി.ഐ. ഏറ്റവും വലിയ ഒറ്റകക്ഷിയായി. കഴിഞ്ഞ തവണ കഷ്ടിച്ച് ഭരണം നേടിയ ഒഞ്ചിയത്ത് ഇത്തവണ വ്യക്തമായ ഭൂരിപക്ഷത്തിൽ ഭരണം തുടരാൻ കഴിഞ്ഞത് പാർട്ടിയുടെ ശക്തിക്ക് കോട്ടം തട്ടിയില്ലെന്നതിന്റെ തെളിവായി.

ഏറാമല പഞ്ചായത്തിലും മുന്നണി ആറ് സീറ്റോടെ ഭരണം നിലനിർത്തി. ചോറോട് പഞ്ചായത്തിൽ മൂന്ന് സീറ്റുകൾ നേടിയ ആർ.എം.പി.ഐ., ആദ്യമായി മത്സരിച്ച സി.പി.എം. ശക്തികേന്ദ്രമായ മണിയൂർ പഞ്ചായത്തിലെ കുറുന്തോടി വെസ്റ്റിലും വിജയിച്ചു. വടകര ബ്ലോക്ക് പഞ്ചായത്തിൽ മൂന്ന് സീറ്റും ജില്ലാ പഞ്ചായത്ത് അഴിയൂർ ഡിവിഷൻ സീറ്റും നേടിയത് ആർ.എം.പി.ഐക്ക് നേട്ടമായി. പാർട്ടി രൂപീകരിച്ച് 17 വർഷം കഴിയുമ്പോൾ അടിത്തറ ഇളകിയെന്ന സി.പി.എം. പ്രചരണത്തിന് ശക്തമായ മറുപടി നൽകുന്നതാണ് ഈ തെരഞ്ഞെടുപ്പ് വിജയം.

 

Related Articles

- Advertisement -spot_img

Latest Articles