20.1 C
Saudi Arabia
Wednesday, February 4, 2026
spot_img

ഇന്ത്യൻ ആകാശത്ത് ഇനി പുതിയ ചിറകുകൾ; അൽ ഹിന്ദ് ഉൾപ്പെടെ മൂന്ന് വിമാനക്കമ്പനികൾക്ക് പച്ചക്കൊടി

ന്യൂഡൽഹി: ഇന്ത്യൻ വ്യോമയാന മേഖലയിലെ കുത്തകകൾക്ക് വെല്ലുവിളിയുയർത്തിക്കൊണ്ട് മൂന്ന് പുതിയ വിമാനക്കമ്പനികൾക്ക് കൂടി കേന്ദ്ര സർക്കാർ അനുമതി നൽകി. കേരളം ആസ്ഥാനമായുള്ള പ്രമുഖ ട്രാവൽ ഗ്രൂപ്പായ അൽ ഹിന്ദിന്റെ ‘അൽ ഹിന്ദ് എയർ’, ഉത്തർപ്രദേശിൽ നിന്നുള്ള ‘ശംഖ് എയർ’, ‘ഫ്ലൈ എക്സ്പ്രസ്’ എന്നീ കമ്പനികൾക്കാണ് സിവിൽ ഏവിയേഷൻ മന്ത്രാലയം നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് (NOC) അനുവദിച്ചത്.

നിലവിൽ ഇന്ത്യൻ ആഭ്യന്തര വിമാന സർവീസുകളുടെ ഭൂരിഭാഗവും ഇൻഡിഗോ, എയർ ഇന്ത്യ എന്നീ രണ്ട് ഗ്രൂപ്പുകളുടെ നിയന്ത്രണത്തിലാണ്. ഇൻഡിഗോയുടെ സേവനങ്ങളിൽ അടുത്തിടെയുണ്ടായ സാങ്കേതിക തടസ്സങ്ങൾ യാത്രക്കാരെ വലിയ രീതിയിൽ ബാധിച്ചിരുന്നു. ഒരു കമ്പനിയെ മാത്രം അമിതമായി ആശ്രയിക്കുന്നത് ഗുണകരമല്ലെന്ന വിലയിരുത്തലാണ് പുതിയ കമ്പനികൾക്ക് വേഗത്തിൽ അനുമതി നൽകാൻ സർക്കാരിനെ പ്രേരിപ്പിച്ചത്. പുതിയ കമ്പനികളുടെ വരവോടെ യാത്രക്കാർക്ക് കൂടുതൽ ഓപ്ഷനുകളും മത്സരധിഷ്ഠിതമായ ടിക്കറ്റ് നിരക്കുകളും ലഭ്യമാകും.

മൂന്ന് കമ്പനികൾക്കാണ് ഇന്നലെ എൻഒസി നൽകിയത്. കേരളം ആസ്ഥാനമായുള്ള പ്രവർത്തിക്കുന്ന അൽ ഹിന്ദ് ഗ്രൂപ്പാണ് ഒന്നാമത്തേത്. അൽ ഹിന്ദ് ഗ്രൂപ്പിന്റെ ഈ സംരംഭം ദക്ഷിണേന്ത്യയിലെ വ്യോമയാന രംഗത്ത് വലിയ മാറ്റങ്ങൾ കൊണ്ടുവരുമെന്ന് കരുതപ്പെടുന്നു.

ഉത്തർപ്രദേശിൽ നിന്നുള്ള ശംഖ് എയർ ആണ് രണ്ടാമത്തേത്. യുപിയിൽ നിന്നുള്ള ആദ്യത്തെ ഷെഡ്യൂൾഡ് വിമാനക്കമ്പനിയാണിത്. 2026-ഓടെ സർവീസ് തുടങ്ങാനാണ് ഇവരുടെ ലക്ഷ്യം. പ്രാദേശിക നഗരങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന കണക്റ്റിവിറ്റി വർദ്ധിപ്പിക്കുന്ന ഫ്ലൈ എക്സ്പ്രസ് ആണ് ഇവർ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

ചെറിയ നഗരങ്ങളെയും പട്ടണങ്ങളെയും വിമാന ശൃംഖലയുമായി ബന്ധിപ്പിക്കുക എന്ന സർക്കാരിന്റെ ‘ഉഡാൻ’ (UDAN) പദ്ധതിക്ക് പുതിയ എയർലൈനുകൾ വലിയ കരുത്തേകുമെന്ന് സിവിൽ ഏവിയേഷൻ മന്ത്രി കെ. റാംമോഹൻ നായിഡു പറഞ്ഞു. എൻ.ഒ.സി ലഭിച്ചെങ്കിലും വാണിജ്യ സർവീസുകൾ ആരംഭിക്കുന്നതിന് മുന്നോടിയായി ഡി.ജി.സി.എയുടെ (DGCA) സുരക്ഷാ പരിശോധനകളും മറ്റ് സാങ്കേതിക നടപടിക്രമങ്ങളും ഈ കമ്പനികൾ പൂർത്തിയാക്കേണ്ടതുണ്ട്.

ജെറ്റ് എയർവേയ്‌സ്, ഗോ ഫസ്റ്റ് തുടങ്ങിയ കമ്പനികൾ സർവീസ് നിർത്തിയതിനെ തുടർന്നുണ്ടായ പ്രതിസന്ധികൾക്കിടയിലാണ് പുതിയ മൂന്ന് കമ്പനികളുടെ കടന്നുവരവ് എന്നതും ശ്രദ്ധേയമാണ്.

Related Articles

- Advertisement -spot_img

Latest Articles