15 C
Saudi Arabia
Wednesday, February 4, 2026
spot_img

‘പദവി ഏറ്റെടുത്തത് എല്ലാവരുടെയും ദാസിയാകാൻ’; ലാലി ജയിംസിന് മറുപടിയില്ലെന്ന് ഡോ. നിജി ജസ്റ്റിൻ

തൃശൂർ: കോൺഗ്രസ് നേതൃത്വത്തിനും തനിക്കുമെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ച കൗൺസിലർ ലാലി ജയിംസിന് മറുപടി പറയാനില്ലെന്ന് തൃശൂർ കോർപറേഷൻ മേയർ ഡോ. നിജി ജസ്റ്റിൻ വ്യക്തമാക്കി. മേയർ പദവി പണം നൽകി വാങ്ങിയതാണെന്ന ലാലി ജയിംസിന്റെ ആരോപണത്തിന് പിന്നാലെയാണ് മേയറുടെ പ്രതികരണം.

“നിങ്ങളിൽ വലിയവനാകാൻ ആഗ്രഹിക്കുന്നവൻ എല്ലാവരുടെയും ശുശ്രൂഷകനാകണം. ഒന്നാമനാകാൻ ആഗ്രഹിക്കുന്നവൻ എല്ലാവരുടെയും ദാസനായിരിക്കണം” എന്ന ബൈബിൾ വചനം (മത്തായിയുടെ സുവിശേഷം) ഉൾക്കൊണ്ടാണ് താൻ പദവി ഏറ്റെടുത്തതെന്ന് ഡോ. നിജി ജസ്റ്റിൻ പറഞ്ഞു. കക്ഷിരാഷ്ട്രീയത്തിന് അതീതമായി എല്ലാവരുടെയും ദാസിയായി പ്രവർത്തിക്കാനാണ് താൻ ആഗ്രഹിക്കുന്നതെന്നും അവർ കൂട്ടിച്ചേർത്തു.

ലാലി ജയിംസിന്റെ ആരോപണങ്ങളെക്കുറിച്ച് തനിക്ക് ഒന്നും പറയാനില്ല. പറയേണ്ട കാര്യങ്ങൾ നേരത്തെ തന്നെ വ്യക്തമാക്കിയതാണ്. പാർട്ടി നേതൃത്വമാണ് ഉചിതമായ തീരുമാനങ്ങൾ എടുക്കുന്നത്. എല്ലാ കാലത്തും ഇത്തരം വിഷയങ്ങളിൽ പാർട്ടി ശരിയായ നിലപാടാണ് സ്വീകരിച്ചിട്ടുള്ളതെന്നും അവർ പറഞ്ഞു.

33 അംഗങ്ങളുള്ള യുഡിഎഫിന് മേയർ തിരഞ്ഞെടുപ്പിൽ 35 വോട്ടുകൾ ലഭിച്ചു. രണ്ട് സ്വതന്ത്രരുടെ പിന്തുണ കൂടി ലഭിച്ചത് വലിയ അംഗീകാരമാണെന്ന് അവർ ചൂണ്ടിക്കാട്ടി.

മേയർ സ്ഥാനത്തേക്ക് പരിഗണിച്ചിരുന്ന ലാലി ജയിംസ്, ഡിസിസി പ്രസിഡന്റിനും മറ്റും പണം നൽകിയാണ് ഡോ. നിജി ജസ്റ്റിൻ മേയർ പദവി സ്വന്തമാക്കിയതെന്ന് ആരോപിച്ചിരുന്നു. ഇതിനെത്തുടർന്ന് പാർട്ടി വിരുദ്ധ പ്രവർത്തനത്തിന്റെ പേരിൽ ലാലി ജയിംസിനെ കോൺഗ്രസിൽ നിന്ന് സസ്പെൻഡ് ചെയ്തിട്ടുണ്ട്.

ജനസേവനത്തിനാണ് മുൻഗണന നൽകുന്നതെന്നും നഗരസഭയുടെ വികസന പ്രവർത്തനങ്ങളിൽ എല്ലാവരുടെയും സഹകരണം പ്രതീക്ഷിക്കുന്നതായും ഡോ. നിജി ജസ്റ്റിൻ മാധ്യമങ്ങളോട് പറഞ്ഞു.

 

 

Related Articles

- Advertisement -spot_img

Latest Articles