കണ്ണൂർ: പയ്യാവൂർ മുത്താറിക്കുളത്ത് കോൺക്രീറ്റ് മിക്സർ മെഷീനുമായി വന്ന ലോറി മറിഞ്ഞ് രണ്ട് തൊഴിലാളികൾ ദാരുണമായി കൊല്ലപ്പെട്ടു. അപകടത്തിൽ ലോറിയിലുണ്ടായിരുന്ന ഡ്രൈവർ ഉൾപ്പെടെ 12 പേർക്ക് പരിക്കേറ്റു. ശനിയാഴ്ച വൈകീട്ടോടെയായിരുന്നു നാടിനെ നടുക്കിയ ഈ സംഭവം. കോൺക്രീറ്റ് ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്നു തൊഴിലാളികൾ സഞ്ചരിച്ചിരുന്ന ലോറി വലിയൊരു ഇറക്കം ഇറങ്ങി വരുന്നതിനിടെ നിയന്ത്രണം വിട്ട് കലുങ്കിൽ തട്ടി തലകീഴായി മറിയുകയായിരുന്നു. ലോറിക്കടിയിലും പിന്നിൽ കെട്ടിയിരുന്ന മിക്സർ മെഷീനടിയിലും കുടുങ്ങിയാണ് മരണം സംഭവിച്ചത്.
പരിക്കേറ്റവരെ ഉടൻ തന്നെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മരിച്ചവർ ഇതരസംസ്ഥാന തൊഴിലാളികളാണെന്നാണ് പ്രാഥമിക വിവരം. വാഹനത്തിൽ ആകെ 14 പേരാണുണ്ടായിരുന്നത്. ലോറി പൂർണ്ണമായും തകർന്ന നിലയിലാണ്. അപകടസ്ഥലത്ത് നാട്ടുകാരും പോലീസും ചേർന്ന് നടത്തിയ രക്ഷാപ്രവർത്തനത്തിലൂടെയാണ് വാഹനത്തിനടിയിൽ കുടുങ്ങിയവരെ പുറത്തെടുത്തത്. ഫയർഫോഴ്സും സ്ഥലത്തെത്തിയിരുന്നു. സംഭവത്തിൽ പയ്യാവൂർ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.



