15 C
Saudi Arabia
Wednesday, February 4, 2026
spot_img

 ജസ്റ്റിസ് സൗമൻ സെൻ; ഹൈക്കോടതി ചീഫ് ജസ്റ്റിസായി സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു

തിരുവനന്തപുരം: കേരള ഹൈക്കോടതിയുടെ പുതിയ ചീഫ് ജസ്റ്റിസായി ജസ്റ്റിസ് സൗമൻ സെൻ ചുമതലയേറ്റു. ശനിയാഴ്ച രാവിലെ തിരുവനന്തപുരം ലോക്ഭവനിൽ നടന്ന ചടങ്ങിൽ ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ സത്യപ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തു. മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രിമാർ, ഹൈക്കോടതി ജഡ്ജിമാർ, മറ്റ് ഉന്നത ഉദ്യോഗസ്ഥർ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. നിലവിലെ ചീഫ് ജസ്റ്റിസായിരുന്ന ജസ്റ്റിസ് നിതിൻ ജാംദാർ ജനുവരി ഒൻപതിന് വിരമിച്ച ഒഴിവിലേക്കാണ് മേഘാലയ ഹൈക്കോടതി ചീഫ് ജസ്റ്റിസായിരുന്ന സൗമൻ സെന്നിനെ നിയമിച്ചത്.

കൊൽക്കത്ത സ്വദേശിയായ ജസ്റ്റിസ് സൗമൻ സെൻ 1991-ൽ അഭിഭാഷകനായി ഔദ്യോഗിക ജീവിതം ആരംഭിച്ചു. 20-ഓളം വർഷം കൽക്കട്ട ഹൈക്കോടതിയിൽ പ്രാക്ടീസ് ചെയ്ത അദ്ദേഹം 2011 ഏപ്രിലിൽ അവിടെ ജഡ്ജിയായി നിയമിതനായി. പിന്നീട് കൽക്കട്ട ഹൈക്കോടതിയുടെ ആക്ടിങ് ചീഫ് ജസ്റ്റിസായും പ്രവർത്തിച്ചു. 2025 സെപ്റ്റംബറിലാണ് മേഘാലയ ഹൈക്കോടതി ചീഫ് ജസ്റ്റിസായി അദ്ദേഹം ചുമതലയേറ്റത്. കേരള ഹൈക്കോടതിയുടെ 40-ാമത് ചീഫ് ജസ്റ്റിസാണ് അദ്ദേഹം. നീതിന്യായ നിർവ്വഹണത്തിൽ വലിയ അനുഭവസമ്പത്തുള്ള അദ്ദേഹത്തിന്റെ കടന്നുവരവ് കേരളത്തിലെ ജുഡീഷ്യറിക്ക് പുതിയ കരുത്തുപകരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Related Articles

- Advertisement -spot_img

Latest Articles