റിയാദ്: ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ (AI) അതിവേഗത്തിലുള്ള വളർച്ച വിദ്യാഭ്യാസ മേഖലയിലും തൊഴിൽ വിപണിയിലും വരുത്തുന്ന മാറ്റങ്ങളെക്കുറിച്ച് ചർച്ച ചെയ്യാൻ റിയാദിൽ രാജ്യാന്തര സമ്മേളനം സംഘടിപ്പിക്കുന്നു. സൗദി ഡാറ്റ ആൻഡ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അതോറിറ്റിയുടെ നേതൃത്വത്തിൽ ജനുവരി 28, 29 തീയതികളിലാണ് ‘ഇന്റർനാഷണൽ കോൺഫറൻസ് ഓൺ ഡാറ്റ ആൻഡ് എഐ കപ്പാസിറ്റി ബിൽഡിംഗ്’ നടക്കുക. ലോകമെമ്പാടുമുള്ള അമ്പതിലധികം പ്രാദേശിക, അന്തർദേശീയ സംഘടനകളിൽ നിന്നുള്ള വിദഗ്ധർ സമ്മേളനത്തിൽ പങ്കെടുക്കും.
ഭാവിയിലെ തൊഴിൽ വിപണിയുടെ ആവശ്യങ്ങൾക്കനുസരിച്ച് മനുഷ്യശേഷി വികസിപ്പിക്കുക, എഐ സാങ്കേതികവിദ്യയുടെ സഹായത്തോടെ തൊഴിൽ മേഖലയെ എങ്ങനെ പുനർനിർവചിക്കാം തുടങ്ങിയ വിഷയങ്ങളാണ് സമ്മേളനം പ്രധാനമായും ചർച്ച ചെയ്യുന്നത്. ഇതിനോടനുബന്ധിച്ച് നടക്കുന്ന എക്സിബിഷൻ യുവാക്കൾക്ക് അത്യാധുനിക സാങ്കേതികവിദ്യകളെക്കുറിച്ചും കരിയർ അവസരങ്ങളെക്കുറിച്ചും നേരിട്ട് മനസ്സിലാക്കാൻ അവസരമൊരുക്കും. അക്കാദമിക് വിദഗ്ധർ, പോളിസി മേക്കർമാർ, വിദ്യാർഥികൾ എന്നിവർക്ക് അറിവ് പങ്കുവെക്കാനും പുതിയ കണ്ടുപിടുത്തങ്ങൾ അടുത്തറിയാനുമുള്ള ഒരു പ്രധാന വേദിയായി ഈ സമ്മേളനം മാറുമെന്ന് എസ്.പി.എ (SPA) റിപ്പോർട്ട് ചെയ്തു. സൗദി വിഷൻ 2030-ന്റെ ഭാഗമായി രാജ്യത്തെ ഡിജിറ്റൽ പരിവർത്തനം ശക്തിപ്പെടുത്തുന്നതിനുള്ള സുപ്രധാന നീക്കമായാണ് ഈ സമ്മേളനം വിലയിരുത്തപ്പെടുന്നത്.



