റിയാദ്: സൗദി അറേബ്യ ആഗോള ഖനന മേഖലയിലെ സുപ്രധാന കേന്ദ്രമായി സ്വയം മാറിക്കൊണ്ടിരിക്കുകയാണെന്ന് സൗദി ധനകാര്യ മന്ത്രി മുഹമ്മദ് അൽ-ജദാൻ പറഞ്ഞു. റിയാദിൽ നടന്ന ‘ഫ്യൂച്ചർ മിനറൽസ് ഫോറം 2026’-ൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഖനന മേഖല വെറും ധാതുക്കളുടെ പര്യവേക്ഷണവും വേർതിരിച്ചെടുക്കലും മാത്രമല്ലെന്നും മറിച്ച് അത് രാജ്യങ്ങളുടെ ദീർഘകാല അഭിവൃദ്ധിയുടെ അടിത്തറയാണെന്നും അദ്ദേഹം വ്യക്തമാക്കി. ആഗോള ഭൗമരാഷ്ട്രീയ സാഹചര്യങ്ങൾ സമ്പദ്‌വ്യവസ്ഥയിൽ അനിശ്ചിതത്വം സൃഷ്ടിക്കുന്നുണ്ടെങ്കിലും, സ്ഥിരതയുള്ള നിക്ഷേപ അന്തരീക്ഷം ഉറപ്പാക്കുന്നതിലൂടെ കൂടുതൽ മൂലധനം ആകർഷിക്കാൻ ഈ മേഖലയ്ക്ക് സാധിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ധാതുക്കൾ ഇപ്പോൾ പല രാജ്യങ്ങളും ദേശീയ സുരക്ഷയുടെ ഭാഗമായാണ് കാണുന്നത്. നിലവിലെ സാമ്പത്തിക വെല്ലുവിളികൾക്കിടയിലും, പുതിയ സാങ്കേതികവിദ്യകൾക്കും വികസനത്തിനും ആവശ്യമായ പ്രധാന ഘടകമെന്ന നിലയിൽ ഖനന മേഖല ദീർഘകാല വളർച്ചയ്ക്ക് സജ്ജമാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി. നൂറോളം രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുത്ത ഈ ഫോറം ഖനന മേഖലയിലെ ആഗോള സഹകരണം ശക്തിപ്പെടുത്തുന്നതിനും സുസ്ഥിരമായ വിതരണ ശൃംഖലകൾ വികസിപ്പിക്കുന്നതിനും ലക്ഷ്യമിടുന്നതായും അദ്ദേഹം പറഞ്ഞു.



