കൊച്ചി: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ പ്രതികളായ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ. പത്മകുമാർ, മുൻ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ മുരാരി ബാബു, സ്വർണ്ണ വ്യാപാരി ഗോവർദ്ധൻ എന്നിവരുടെ ജാമ്യാപേക്ഷകൾ കേരള ഹൈക്കോടതി തള്ളി. ജസ്റ്റിസ് എ. ബദറൂദ്ദീന്റെ ബെഞ്ചാണ് ഇവരുടെ ഹർജികൾ നിരസിച്ചത്. തങ്ങൾക്കെതിരായ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന പ്രതികളുടെ വാദം കോടതി അംഗീകരിച്ചില്ല. അതേസമയം, കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) അന്വേഷണം ശക്തമാക്കിയിരിക്കുകയാണ്. ഇതിന്റെ ഭാഗമായി കേരളം, തമിഴ്‌നാട്, കർണാടക എന്നീ സംസ്ഥാനങ്ങളിലെ 21 കേന്ദ്രങ്ങളിൽ ഒരേസമയം റെയ്ഡ് നടത്തി സുപ്രധാന രേഖകൾ പിടിച്ചെടുത്തു.
2019 മുതൽ 2025 വരെയുള്ള കാലയളവിൽ ശബരിമലയിൽ നടന്ന സ്വർണ്ണ ക്രമക്കേടുകൾ സംബന്ധിച്ചാണ് പരിശോധന നടക്കുന്നത്. മുൻ ദേവസ്വം ബോർഡ് അംഗങ്ങൾ, ഉന്നത ഉദ്യോഗസ്ഥർ, സ്വർണ്ണ വ്യാപാരികൾ എന്നിവരുടെ വീടുകളിലും ഓഫീസുകളിലുമാണ് പരിശോധന നടന്നത്. ശബരിമലയിലെ ദ്വാരപാലക വിഗ്രഹങ്ങളിലെയും കട്ടിളപ്പാളികളിലെയും സ്വർണ്ണം മോഷ്ടിച്ചതുമായി ബന്ധപ്പെട്ട ഡിജിറ്റൽ തെളിവുകളും സാമ്പത്തിക ഇടപാടുകളുടെ രേഖകളും ഇ.ഡി ശേഖരിച്ചിട്ടുണ്ട്. കേസിൽ പ്രമുഖർ ഉൾപ്പെടെ അഞ്ച് പേർ കൂടി ഉടൻ അറസ്റ്റിലായേക്കുമെന്നാണ് സൂചന. പ്രതികളുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കാനും സ്വത്ത് കണ്ടുകെട്ടാനുമുള്ള നടപടികളിലേക്ക് അന്വേഷണ സംഘം കടക്കുകയാണ്.



