തിരുവനന്തപുരം: ബലാത്സംഗക്കേസിൽ പ്രതിയായ രാഹുൽ മാങ്കൂട്ടത്തിലിനെ എം.എൽ.എ സ്ഥാനത്തുനിന്ന് അയോഗ്യനാക്കാനുള്ള നീക്കത്തെ ശക്തമായി എതിർക്കാൻ യു.ഡി.എഫ് പാർലമെന്ററി പാർട്ടി യോഗം തീരുമാനിച്ചു. ഒരാൾ പ്രതിപ്പട്ടികയിൽ ഉൾപ്പെട്ടു എന്നതുകൊണ്ട് മാത്രം അയോഗ്യനാക്കുന്നത് തെറ്റായ കീഴ്‌വഴക്കത്തിന് കാരണമാകുമെന്നും ഇത് ഭാവിയിൽ രാഷ്ട്രീയമായി ദുരുപയോഗം ചെയ്യാൻ ഇടയാക്കുമെന്നുമാണ് യു.ഡി.എഫിന്റെ വിലയിരുത്തൽ. സഭയിലെ എത്തിക്‌സ് കമ്മിറ്റി അംഗങ്ങളായ റോജി എം. ജോൺ, യു.എ. ലത്തീഫ് എന്നിവർ യു.ഡി.എഫ് നിലപാട് കമ്മിറ്റിയിൽ വ്യക്തമാക്കും. മുകേഷ് അടക്കം ഭരണപക്ഷത്തെ പല എം.എൽ.എമാരും സമാനമായ കേസുകളിൽ പ്രതികളാണെന്നിരിക്കെ, രാഹുലിനെതിരെ മാത്രം നടപടി സ്വീകരിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് നേതാക്കൾ ചൂണ്ടിക്കാട്ടി.
മുൻ മന്ത്രി ആന്റണി രാജുവിനെ കോടതി ശിക്ഷിച്ച സാഹചര്യത്തിലാണ് അദ്ദേഹം അയോഗ്യനായത്. എന്നാൽ ശിക്ഷിക്കപ്പെടാതെ കേസിൽ പ്രതിയായതിന്റെ പേരിൽ നടപടിയെടുക്കുന്നത് നിയമപരമായി ശരിയല്ലെന്ന് കോൺഗ്രസ് വ്യക്തമാക്കുന്നു. ഇത് രാഹുൽ മാങ്കൂട്ടത്തിലിനെ വ്യക്തിപരമായി പിന്തുണയ്ക്കുന്നതല്ലെന്നും മറിച്ച് ജനാധിപത്യപരമായ കീഴ്‌വഴക്കങ്ങൾ സംരക്ഷിക്കാനാണെന്നും പാർട്ടി വിശദീകരിച്ചു. സി.പി.എം എം.എൽ.എ ഡി.കെ. മുരളി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് സ്പീക്കർ വിഷയം എത്തിക്‌സ് കമ്മിറ്റിക്ക് വിട്ടത്. ഈ മാസം 23-ന് പരാതിക്കാരനായ ഡി.കെ. മുരളിയെയും തുടർന്ന് രാഹുൽ മാങ്കൂട്ടത്തിലിനെയും സമിതി കേൾക്കും. ഈ ഘട്ടത്തിൽ തങ്ങളുടെ വിയോജിപ്പ് രേഖപ്പെടുത്താനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം.



