29.2 C
Saudi Arabia
Friday, February 13, 2026
spot_img

സ്വന്തക്കാർ പ്രതിസ്ഥാനത്ത് വരുമ്പോൾ മുഖ്യമന്ത്രിക്ക് ഇരട്ടത്താപ്പ്; വി.ഡി. സതീശൻ

കോഴിക്കോട്: മുൻ സി.പി.എം എം.എൽ.എ പി.ടി. കുഞ്ഞുമുഹമ്മദിനെതിരായ ലൈംഗികാതിക്രമ പരാതിയിൽ അതിജീവിതയുടെ വെളിപ്പെടുത്തലുകൾ കേരളത്തിന് അപമാനമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. സ്ത്രീ സുരക്ഷയെക്കുറിച്ച് വാചാലമാകുന്ന ഒരു നാട്ടിൽ ഇത്തരമൊരു സംഭവം നടന്നതും, പരാതി നൽകിയിട്ടും നടപടി വൈകിയതും ഗൗരവകരമാണെന്ന് അദ്ദേഹം പറഞ്ഞു. നവംബർ 24-ന് മുഖ്യമന്ത്രിക്ക് പരാതി നൽകിയിട്ടും ഡിസംബർ എട്ട് വരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാത്തത്, പ്രതി സ്ഥാനത്ത് സ്വന്തക്കാർ വരുമ്പോൾ സർക്കാർ കാട്ടുന്ന ലാഘവബുദ്ധിയാണ് വ്യക്തമാക്കുന്നതെന്ന് സതീശൻ കുറ്റപ്പെടുത്തി.

കുറ്റാരോപിതർ ഇടതുപക്ഷ സഹയാത്രികരോ പാർട്ടിയുമായി ബന്ധപ്പെട്ടവരോ ആകുമ്പോൾ ആഭ്യന്തര വകുപ്പ് പുലർത്തുന്ന ഇരട്ടത്താപ്പിനെ അദ്ദേഹം രൂക്ഷമായി വിമർശിച്ചു. തുറന്നുപറയാൻ ധൈര്യം കാട്ടിയ അതിജീവിതയെ അഭിനന്ദിച്ച പ്രതിപക്ഷ നേതാവ്, പരാതി നൽകി 14 ദിവസം കഴിഞ്ഞിട്ടും എഫ്.ഐ.ആർ ഇടാത്തതിൽ മുഖ്യമന്ത്രി മറുപടി പറയണമെന്നും ആവശ്യപ്പെട്ടു. കെ.പി.സി.സി അധ്യക്ഷന് ലഭിച്ച പരാതിയിൽ അന്നുതന്നെ എഫ്.ഐ.ആർ ഇട്ട നടപടി ചൂണ്ടിക്കാട്ടിയ അദ്ദേഹം, മുഖ്യമന്ത്രിയുടെ ഓഫീസിൽ പരാതി നൽകിയിട്ടും നടപടിയില്ലെങ്കിൽ സാധാരണക്കാർക്ക് പോലീസ് സ്റ്റേഷനിൽ നിന്ന് എന്ത് നീതി ലഭിക്കുമെന്നും ചോദിച്ചു. അപമാനിക്കപ്പെട്ട സ്ത്രീകൾ വീണ്ടും വേട്ടയാടപ്പെടുന്ന സാഹചര്യം കേരളത്തിൽ ഉണ്ടാകാൻ പാടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Related Articles

- Advertisement -spot_img

Latest Articles