റിയാദ്: വിശുദ്ധ റമദാൻ പകുതി പിന്നിട്ടതോടെ രാജ്യം ഈദുൽ ഫിത്വറിനെ വരവേൽക്കാനൊരുങ്ങുന്നു. രാജ്യത്തുടനീളമുള്ള ഈദ് ഗാഹുകളിലും പള്ളികളിലും പെരുന്നാൾ നിസ്കാരത്തിനുള്ള ഒരുക്കങ്ങൾ അടിയന്തരമായി പൂർത്തിയാക്കാൻ സൗദി ഇസ്‌ലാമിക കാര്യ വകുപ്പ് മന്ത്രി ഷെയ്ഖ് അബ്ദുല്ലത്തീഫ് അൽ ഷെയ്ഖ് നിർദ്ദേശം നൽകി. ശുചിത്വം, പരിപാലനം, സുരക്ഷാ ക്രമീകരണങ്ങൾ എന്നിവയിൽ യാതൊരു വിട്ടുവീഴ്ചയും പാടില്ലെന്ന് മന്ത്രാലയത്തിന്റെ വിവിധ ശാഖകൾക്ക് നൽകിയ സർക്കുലറിൽ അദ്ദേഹം വ്യക്തമാക്കി. വിശ്വാസികൾക്ക് സമാധാനപരമായും സുരക്ഷിതമായും ആരാധനകൾ നിർവ്വഹിക്കാനുള്ള സാഹചര്യമൊരുക്കുകയാണ് സർക്കാരിന്റെ ലക്ഷ്യം.
സൂര്യോദയത്തിന് 15 മിനിറ്റിനുശേഷം പെരുന്നാൾ നിസ്കാരം നിർവ്വഹിക്കണമെന്നാണ് ഉമ്മുൽ ഖുറാ കലണ്ടർ പ്രകാരം ഇമാമുമാർക്ക് നൽകിയിട്ടുള്ള നിർദ്ദേശം. നിശ്ചയിക്കപ്പെട്ട ഈദ് ഗാഹുകളിലും പ്രധാന പള്ളികളിലും നിസ്കാരത്തിന് സൗകര്യമുണ്ടാകും. എന്നാൽ ഈദ് ഗാഹുകൾക്ക് തൊട്ടടുത്തുള്ള പള്ളികളിലും ജനവാസം കുറഞ്ഞ ഗ്രാമീണ മേഖലകളിലെ ചെറിയ പള്ളികളിലും പ്രത്യേക പെരുന്നാൾ നിസ്കാരം ഉണ്ടായിരിക്കില്ലെന്ന് മന്ത്രാലയം അറിയിച്ചു. പെരുന്നാൾ ദിവസം വെള്ളിയാഴ്ചയാണെങ്കിൽ, പെരുന്നാൾ നിസ്കാരത്തിന് പുറമെ വെള്ളിയാഴ്ച നിസ്കാരം (ജുമുഅ) നിശ്ചയിക്കപ്പെട്ട സമയത്ത് തന്നെ പള്ളികളിൽ നടക്കും. പെരുന്നാൾ നിസ്കാരത്തിൽ പങ്കെടുത്തവർക്കും ജുമുഅ നിസ്കാരം നിർബന്ധമാണെന്ന കാര്യം ഇമാമുമാർ പ്രത്യേകം ശ്രദ്ധിക്കണമെന്നും നിർദ്ദേശത്തിലുണ്ട്.
ഇത്തവണത്തെ ഈദുൽ ഫിത്വർ അവധി മാർച്ച് 18 ബുധനാഴ്ച പ്രവൃത്തി സമയം അവസാനിക്കുന്നത് മുതൽ ആരംഭിക്കുമെന്ന് മാനവശേഷി മന്ത്രാലയം നേരത്തെ അറിയിച്ചിരുന്നു. സ്വകാര്യ മേഖലയ്ക്കും സന്നദ്ധ സംഘടനകൾക്കും നാല് ദിവസത്തെ അവധിയാണ് ലഭിക്കുക. മാർച്ച് 19-നോ 20-നോ പെരുന്നാൾ ഉണ്ടാകാനാണ് സാധ്യത. ഗൾഫ് മേഖലയിൽ നിലനിൽക്കുന്ന രാഷ്ട്രീയ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ, പൊതുസ്ഥലങ്ങളിലും ആരാധനാലയങ്ങളിലും സുരക്ഷാ വിഭാഗം അതീവ ജാഗ്രത പുലർത്തുന്നുണ്ട്. ആഘോഷ വേളകളിൽ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ ആഭ്യന്തര മന്ത്രാലയവും വിവിധ വകുപ്പുകളുമായി ചേർന്ന് പ്രവർത്തിക്കുന്നുണ്ട്.



