ന്യൂഡൽഹി: എയർ ഇന്ത്യ എക്സ്പ്രസിന്റെ മാനേജിംഗ് ഡയറക്ടറും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ അലോക് സിംഗ് ഈ മാസം സ്ഥാനമൊഴിയുന്നു. അഞ്ച് വർഷത്തെ സേവനത്തിന് ശേഷം മാർച്ച് 19-നാണ് അദ്ദേഹം പടിയിറങ്ങുന്നത്.
ടാറ്റ ഗ്രൂപ്പിന്റെ കീഴിലുള്ള വിമാനക്കമ്പനിയുടെ നേതൃനിരയിൽ ആസൂത്രണം ചെയ്ത മാറ്റങ്ങളുടെ ഭാഗമായാണ് ഈ നടപടി. അലോക് സിംഗിന് പകരം എയർലൈനിന്റെ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറായ ക്യാപ്റ്റൻ ഹാമിഷ് മാക്സ്വെൽ താൽക്കാലികമായി റെഗുലേറ്ററി ചുമതലകൾ ഏറ്റെടുക്കുമെന്നാണ് റിപ്പോർട്ടുകൾ.
അലോക് സിംഗിന്റെ അഞ്ച് വർഷത്തെ ഭരണകാലം എയർ ഇന്ത്യ എക്സ്പ്രസിന്റെ ചരിത്രത്തിലെ ഏറ്റവും നിർണ്ണായകമായ മാറ്റങ്ങൾക്ക് സാക്ഷ്യം വഹിച്ച ഒന്നായിരുന്നു. വിമാനക്കമ്പനിയുടെ സ്വകാര്യവൽക്കരണം, ടാറ്റ ഗ്രൂപ്പിലേക്കുള്ള മാറ്റം, എയർ ഏഷ്യ ഇന്ത്യയുമായുള്ള ലയനം എന്നിവ അദ്ദേഹത്തിന്റെ നേതൃത്വത്തിലാണ് നടന്നത്.
കമ്പനിയുടെ വിമാനങ്ങളുടെ എണ്ണം 26-ൽ നിന്ന് 105 ആയി ഉയരുകയും ഇന്ത്യയിലെ രണ്ടാമത്തെ വലിയ കുറഞ്ഞ നിരക്കുള്ള വിമാനക്കമ്പനിയായി എയർ ഇന്ത്യ എക്സ്പ്രസ് മാറുകയും ചെയ്തു.
താൻ നയിച്ച അഞ്ച് വർഷത്തെ യാത്ര അവിസ്മരണീയമായിരുന്നുവെന്ന് ജീവനക്കാർക്ക് അയച്ച സന്ദേശത്തിൽ
അദ്ദേഹം കുറിച്ചു. ചെറിയ വിപണിയിൽ നിന്ന് ഇന്ത്യയിലെ മൂന്നാമത്തെ വലിയ വിമാനക്കമ്പനിയാക്കി എയർലൈനിനെ മാറ്റാൻ കഴിഞ്ഞതിൽ അഭിമാനമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
2020 നവംബറിൽ സിഇഒ ആയി നിയമിതനായ സിംഗ്, 2023 മാർച്ചിലാണ് മാനേജിംഗ് ഡയറക്ടറായി കൂടെ ചുമതലയേറ്റത്. കോവിഡ് പ്രതിസന്ധിയുടെ കാലത്തും വിമാനക്കമ്പനിയെ തളരാതെ മുന്നോട്ട് കൊണ്ടുപോകുന്നതിൽ അദ്ദേഹം വഹിച്ച പങ്ക് വളരെ വലുതാണ്. പുതിയ മേധാവിയെ സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം വരും ദിവസങ്ങളിൽ ഉണ്ടായേക്കും.



