സൗദിയിലെ ഇന്ത്യൻ പൗരന്മാർക്ക് ജാഗ്രതാ നിർദ്ദേശം: എംബസി അടിയന്തര ഹെൽപ്പ്ലൈൻ നമ്പരുകൾ

റിയാദ്: മേഖലയിലെ നിലവിലെ സാഹചര്യം കണക്കിലെടുത്ത് സൗദി അറേബ്യയിലുള്ള ഇന്ത്യൻ പൗരന്മാർക്ക് റിയാദിലെ ഇന്ത്യൻ എംബസി ജാഗ്രതാ നിർദ്ദേശം നൽകി. സൗദിയിലെങ്ങുമുള്ള ഇന്ത്യക്കാർ അതീവ ജാഗ്രത പാലിക്കണമെന്നും പ്രാദേശിക അധികാരികളും എംബസിയും നൽകുന്ന സുരക്ഷാ മാർഗ്ഗനിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നും എംബസി അറിയിച്ചു.

നിലവിൽ റിയാദിലെ ഇന്ത്യൻ എംബസിയും ജിദ്ദയിലെ കോൺസുലേറ്റും വി.എഫ്.എസ് വഴിയുള്ള അനുബന്ധ സേവനങ്ങളും സാധാരണ നിലയിൽ പ്രവർത്തിക്കുന്നുണ്ട്. ആവശ്യാനുസരണം പുതിയ നിർദ്ദേശങ്ങൾ എംബസി പുറപ്പെടുവിക്കും.

ഇന്ത്യയിലേക്കുള്ള വിമാന സർവീസുകൾ തടസ്സമില്ലാതെ തുടരുന്നുണ്ടെന്നും നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ലഭ്യമായ വിമാനങ്ങളിൽ യാത്ര ചെയ്യാമെന്നും വാർത്താക്കുറിപ്പിൽ പറയുന്നു. പൗരന്മാരുടെ സഹായത്തിനായി റിയാദിലെ എംബസിയിലും ജിദ്ദയിലെ കോൺസുലേറ്റിലും 24 മണിക്കൂറും പ്രവർത്തിക്കുന്ന അടിയന്തര ഹെൽപ്‌ലൈൻ നമ്പരുകൾ സജ്ജമാക്കിയിട്ടുണ്ട്. റിയാദിലുള്ളവർക്ക് 00-966-11-4884697 എന്ന നമ്പരിലും, 00-966-542126748 എന്ന വാട്സാപ്പ് നമ്പരിലും, 800 247 1234 എന്ന ടോൾ ഫ്രീ നമ്പരിലും ബന്ധപ്പെടാം. ഇമെയിൽ വഴി സഹായം തേടുന്നവർ cw.riyadh@mea.gov.in എന്ന വിലാസം ഉപയോഗിക്കേണ്ടതാണ്.

ജിദ്ദ കോൺസുലേറ്റിന്റെ സഹായത്തിനായി +966 536209704 (വാട്സാപ്പ്), +966 556122301 (മൊബൈൽ), 800 244 0003 (ടോൾ ഫ്രീ) എന്നീ നമ്പരുകളും 00 966 126648660 / 00 966 12 2614093 എന്നീ ലാൻഡ്‌ലൈൻ നമ്പറുകളിലും, conscw.jeddah@mea.gov.in അല്ലെങ്കിൽ vclab.jeddah@mea.gov.in എന്നീ ഇമെയിൽ വിലാസങ്ങൾ വഴിയും ജിദ്ദ കോൺസുലേറ്റുമായി ബന്ധപ്പെടാവുന്നതാണ്.

Related Articles

- Advertisement -spot_img

Latest Articles