ഖാംനഈയുടെ മരണം: കേന്ദ്രത്തിന്റെ മൗനം നയതന്ത്ര വീഴ്ച; കേന്ദ്ര സർക്കാരിനെതിരെ സോണിയ ഗാന്ധി

ന്യൂഡൽഹി: ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈയുടെ മരണത്തിൽ കേന്ദ്ര സർക്കാർ സ്വീകരിച്ച നിലപാടിനെ രൂക്ഷമായി വിമർശിച്ച് കോൺഗ്രസ് പാർലമെന്ററി പാർട്ടി അധ്യക്ഷ സോണിയ ഗാന്ധി. ദശകങ്ങളായി ഇറാനുമായി ഇന്ത്യ പുലർത്തുന്ന ആഴത്തിലുള്ള നയതന്ത്ര ബന്ധത്തെയും സൗഹൃദത്തെയും അവഗണിക്കുന്ന രീതിയിലാണ് കേന്ദ്രത്തിന്റെ പ്രതികരണമെന്ന് അവർ ആരോപിച്ചു. ഒരു രാഷ്ട്രത്തലവൻ കൊല്ലപ്പെടുമ്പോൾ പാലിക്കേണ്ട പ്രാഥമികമായ മര്യാദകൾ പോലും ലംഘിക്കപ്പെട്ടുവെന്നും, ചരിത്രപരമായ പാരമ്പര്യം കാത്തുസൂക്ഷിക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടുവെന്നും സോണിയ ഗാന്ധി ചൂണ്ടിക്കാട്ടി. വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പുലർത്തുന്ന മൗനം രാജ്യത്തിന്റെ വിദേശനയത്തിന് വിരുദ്ധമാണെന്നും അവർ പ്രസ്താവനയിൽ പറഞ്ഞു.

ഇറാൻ ഇന്ത്യയുടെ തന്ത്രപ്രധാനമായ പങ്കാളിയാണെന്നും ഇത്തരം നിർണ്ണായക ഘട്ടങ്ങളിൽ നിഷ്പക്ഷവും പക്വവുമായ നിലപാടാണ് ഇന്ത്യ സ്വീകരിക്കേണ്ടതെന്നും കോൺഗ്രസ് വ്യക്തമാക്കി. പശ്ചിമേഷ്യൻ മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കാൻ ഇന്ത്യ ക്രിയാത്മകമായ പങ്ക് വഹിക്കണമെന്നും സോണിയ ഗാന്ധി ആവശ്യപ്പെട്ടു. ഇസ്രായേൽ-അമേരിക്കൻ സൈനിക നീക്കങ്ങളെ പിന്തുണയ്ക്കുന്ന വിധത്തിലുള്ള കേന്ദ്രത്തിന്റെ നിഗൂഢമായ നീക്കങ്ങൾ ഇന്ത്യയുടെ അന്താരാഷ്ട്ര പ്രതിച്ഛായയെ ബാധിക്കുമെന്നും അവർ മുന്നറിയിപ്പ് നൽകി. വിഷയത്തിൽ സർക്കാർ അടിയന്തരമായി വ്യക്തത വരുത്തണമെന്നും ഖാംനഈയുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തണമെന്നുമാണ് പ്രതിപക്ഷത്തിന്റെ ആവശ്യം.

 

Related Articles

- Advertisement -spot_img

Latest Articles