റിയാദ്: ആഗോള പെട്രോകെമിക്കൽ ഭീമനായ സാബിക്കിന്റെ നേതൃനിരയിൽ മാറ്റങ്ങൾ പ്രഖ്യാപിച്ചു. നിലവിലെ സിഇഒ അബ്ദുൾറഹ്മാൻ അൽ-ഫഖീഹ് വിരമിക്കുന്നതിനെത്തുടർന്ന്, ഡോ. ഫൈസൽ അൽ-ഫഖീറിനെ പുതിയ സിഇഒ ആയി നിയമിച്ചു. 2026 ഏപ്രിൽ 1 മുതൽ ഈ മാറ്റങ്ങൾ പ്രാബല്യത്തിൽ വരും.
40 വർഷത്തിലേറെ നീണ്ട ശ്രദ്ധേയമായ സേവനത്തിന് ശേഷമാണ് അബ്ദുൾറഹ്മാൻ അൽ-ഫഖീഹ് പദവി ഒഴിയുന്നത്. 2022 സെപ്റ്റംബർ മുതൽ ആക്ടിംഗ് സിഇഒ ആയി ചുമതലയേറ്റ അദ്ദേഹം 2023 മാർച്ചിലാണ് സ്ഥിരം സിഇഒ ആയി നിയമിതനായത്. സാബിക്കിന്റെ വളർച്ചയിൽ നിർണ്ണായക പങ്ക് വഹിച്ച അദ്ദേഹം പെട്രോകെമിക്കൽസ്, പോളിമേഴ്സ് തുടങ്ങി വിവിധ വിഭാഗങ്ങളുടെ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
പുതിയ സിഇഒ ആയി ചുമതലയേൽക്കുന്ന ഡോ. ഫൈസൽ അൽ-ഫഖീർ നിലവിൽ അരാംകോയിൽ സീനിയർ വൈസ് പ്രസിഡന്റായി പ്രവർത്തിച്ചു വരികയാണ്. 2017 മുതൽ 2022 വരെ സദാര കെമിക്കൽ കമ്പനിയുടെ സിഇഒ ആയിരുന്ന അദ്ദേഹം അർലാൻക്സിയോ സാംറെഫ് (എന്നിവയുടെ ബോർഡ് ചെയർമാൻ പദവികളും അലങ്കരിച്ചിട്ടുണ്ട്.
പെൻസിൽവാനിയ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിൽ നിന്ന് മെറ്റീരിയൽ സയൻസിൽ പിഎച്ച്ഡി നേടിയ അദ്ദേഹം വ്യവസായ മേഖലയിൽ വിപുലമായ പ്രവൃത്തിപരിചയമുള്ള വ്യക്തിയാണ്.
കമ്പനിയുടെ ബോർഡ് ഓഫ് ഡയറക്ടേഴ്സിലും മാറ്റം വരുത്തിയിട്ടുണ്ട്. അബ്ദുൾറഹ്മാൻ അൽ-ഫഖീഹ് ഒഴിയുന്ന ബോർഡ് അംഗത്വത്തിലേക്ക് ഇബ്രാഹിം അൽ-ബുഐനൈനെ ഇടക്കാല അംഗമായി നിയമിച്ചതായും സാബിക് അറിയിച്ചു.



