സിഡ്‌നി: ഇറാൻ-ഇസ്രായേൽ സംഘർഷം കടുക്കുകയും മേഖലയിൽ യുദ്ധസാഹചര്യം നിലനിൽക്കുകയും ചെയ്യുന്ന പശ്ചാത്തലത്തിൽ പൗരന്മാരെ സുരക്ഷിതമായി ഒഴിപ്പിക്കാനൊരുങ്ങി ഓസ്‌ട്രേലിയ. പശ്ചിമേഷ്യയിലെ സംഘർഷ മേഖലകളിൽ കുടുങ്ങിക്കിടക്കുന്ന ഓസ്‌ട്രേലിയൻ പൗരന്മാരെ തിരിച്ചെത്തിക്കുന്നതിനുള്ള അടിയന്തര പദ്ധതിയുടെ ഭാഗമായി സൈനിക സന്നാഹങ്ങളെ വിന്യസിച്ചതായി പ്രധാനമന്ത്രി ആന്തണി ആൽബനീസ് വ്യാഴാഴ്ച പാർലമെന്റിനെ അറിയിച്ചു. ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി കൊല്ലപ്പെട്ടതിനെത്തുടർന്ന് മേഖലയിൽ ആരംഭിച്ച അപ്രതീക്ഷിത വ്യോമാക്രമണങ്ങളും തുടർന്നുണ്ടായ യുദ്ധവും കണക്കിലെടുത്ത് വിവിധ രാജ്യങ്ങൾ തങ്ങളുടെ പൗരന്മാരെ എത്രയും വേഗം ഒഴിപ്പിക്കാനുള്ള ശ്രമത്തിലാണ്. ഇതിന്റെ ഭാഗമായി ആറ് പ്രതിസന്ധി പരിഹാര സംഘങ്ങളെയും ഓസ്‌ട്രേലിയ മേഖലയിലേക്ക് അയച്ചിട്ടുണ്ട്.
സൈനിക ആസ്തികളുടെ സ്വഭാവത്തെക്കുറിച്ച് പ്രധാനമന്ത്രി കൂടുതൽ വിശദാംശങ്ങൾ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും, പൗരന്മാരെ മാറ്റുന്നതിനായി വിമാനങ്ങളാണ് വിന്യസിച്ചിരിക്കുന്നതെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അപകടകരമായ സാഹചര്യത്തിലേക്ക് സ്വന്തം നാട്ടുകാരെ സഹായിക്കാൻ ഇറങ്ങിപ്പുറപ്പെട്ട സൈനികർക്കും ഉദ്യോഗസ്ഥർക്കും പ്രധാനമന്ത്രി നന്ദി രേഖപ്പെടുത്തി. ഏകദേശം 1,15,000 ഓസ്‌ട്രേലിയൻ പൗരന്മാർ പശ്ചിമേഷ്യൻ രാജ്യങ്ങളിൽ ഉണ്ടെന്നാണ് ഔദ്യോഗിക കണക്ക്. ഇവരുടെ സുരക്ഷ ഉറപ്പാക്കുക എന്നത് സർക്കാരിന് വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്.
ഓസ്‌ട്രേലിയയ്ക്ക് പിന്നാലെ അയൽരാജ്യമായ ന്യൂസിലാൻഡും പൗരന്മാരെ ഒഴിപ്പിക്കാനുള്ള നടപടികൾ വേഗത്തിലാക്കി. ഒഴിപ്പിക്കൽ ദൗത്യത്തിനായി രണ്ട് സൈനിക വിമാനങ്ങൾ പശ്ചിമേഷ്യയിലേക്ക് അയക്കാൻ വ്യാഴാഴ്ച തന്നെ ന്യൂസിലാൻഡ് ഉത്തരവിട്ടു. വിദേശകാര്യ മന്ത്രാലയവും പ്രതിരോധ മന്ത്രാലയവും സംയുക്തമായാണ് ദൗത്യം ഏകോപിപ്പിക്കുന്നത്. വ്യോമപാതകളിൽ ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങളും വിമാനത്താവളങ്ങളിലെ സുരക്ഷാ ഭീഷണിയും ഒഴിപ്പിക്കൽ ദൗത്യത്തിന് തടസ്സമാകുന്നുണ്ടെങ്കിലും, സൈന്യത്തിന്റെ സഹായത്തോടെ പൗരന്മാരെ സുരക്ഷിത താവളങ്ങളിലേക്ക് എത്തിക്കാനാണ് ഇരു രാജ്യങ്ങളുടെയും ശ്രമം. വരും ദിവസങ്ങളിൽ കൂടുതൽ രാജ്യങ്ങൾ ഇത്തരത്തിൽ ഒഴിപ്പിക്കൽ നടപടികളുമായി രംഗത്തെത്തുമെന്നാണ് സൂചന.



