15.3 C
Saudi Arabia
Thursday, March 5, 2026
spot_img

പശ്ചിമേഷ്യയിൽ യുദ്ധപ്രതിസന്ധി: സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷകൾ റദ്ദാക്കി; പന്ത്രണ്ടാം ക്ലാസ് പരീക്ഷകൾ മാറ്റി വെച്ചു

ന്യൂഡൽഹി: പശ്ചിമേഷ്യൻ രാജ്യങ്ങളിൽ നിലനിൽക്കുന്ന അതീവ ഗുരുതരമായ യുദ്ധസാഹചര്യത്തെത്തുടർന്ന് വിദേശ രാജ്യങ്ങളിലെ സിബിഎസ്ഇ പരീക്ഷകൾക്ക് നിയന്ത്രണം ഏർപ്പെടുത്തി. ബഹ്‌റൈൻ, ഇറാൻ, കുവൈറ്റ്, ഒമാൻ, ഖത്തർ, സൗദി അറേബ്യ, യുഎഇ എന്നീ രാജ്യങ്ങളിലെ സിബിഎസ്ഇ സ്കൂളുകൾക്കായി പുറപ്പെടുവിച്ച പുതിയ വിജ്ഞാപനത്തിലാണ് പരീക്ഷകൾ റദ്ദാക്കിയതായും മാറ്റിവെച്ചതായും അറിയിച്ചിരിക്കുന്നത്. പശ്ചിമേഷ്യയിലെ നിലവിലെ സ്ഥിതിഗതികൾ സൂക്ഷ്മമായി വിലയിരുത്തിയ ശേഷമാണ് ബോർഡ് ഇത്തരമൊരു സുപ്രധാന തീരുമാനമെടുത്തത്.

പത്താം ക്ലാസ് വിദ്യാർത്ഥികൾക്ക് 2026 മാർച്ച് 7 മുതൽ മാർച്ച് 11 വരെ നടത്താനിരുന്ന എല്ലാ പരീക്ഷകളും പൂർണ്ണമായും റദ്ദാക്കി. ഇതിനുപുറമെ നേരത്തെ മാറ്റിവെച്ചിരുന്ന മാർച്ച് 2, മാർച്ച് 5, മാർച്ച് 6 തീയതികളിലെ പരീക്ഷകളും റദ്ദാക്കിയവയിൽ ഉൾപ്പെടുന്നു. ഈ മേഖലയിലെ പത്താം ക്ലാസ് വിദ്യാർത്ഥികളുടെ ഫലപ്രഖ്യാപനം ഏത് രീതിയിലായിരിക്കുമെന്ന കാര്യം പിന്നീട് അറിയിക്കുമെന്നും സിബിഎസ്ഇ പരീക്ഷാ കൺട്രോളർ ഡോ. സന്യം ഭരദ്വാജ് ഒപ്പിട്ട സർക്കുലറിൽ വ്യക്തമാക്കുന്നു.

പന്ത്രണ്ടാം ക്ലാസ് പരീക്ഷകളെ സംബന്ധിച്ചിടത്തോളം മാർച്ച് 7 ശനിയാഴ്ച നടത്താനിരുന്ന പരീക്ഷകൾ മാറ്റിവെച്ചിട്ടുണ്ട്. ഇവയുടെ പുതുക്കിയ തീയതികൾ പിന്നീട് പ്രഖ്യാപിക്കും. മാർച്ച് 9 തിങ്കളാഴ്ച മുതലുള്ള പരീക്ഷകളുടെ കാര്യത്തിൽ മാർച്ച് 7-ന് സാഹചര്യം വീണ്ടും വിലയിരുത്തിയ ശേഷം കൃത്യമായ നിർദ്ദേശങ്ങൾ നൽകുമെന്നും ബോർഡ് അറിയിച്ചു. വിദ്യാർത്ഥികൾ സ്വന്തം സ്കൂളുകളുമായി നിരന്തരം സമ്പർക്കം പുലർത്തണമെന്നും ഔദ്യോഗിക അറിയിപ്പുകൾ ശ്രദ്ധിക്കണമെന്നും നിർദ്ദേശമുണ്ട്. ഗൾഫ് രാജ്യങ്ങളിലെ ഇന്ത്യൻ എംബസികൾക്കും കോൺസുലേറ്റുകൾക്കും ഇതുസംബന്ധിച്ച നിർദ്ദേശം കൈമാറിയിട്ടുണ്ട്.

 

 

Related Articles

- Advertisement -spot_img

Latest Articles