15.3 C
Saudi Arabia
Thursday, March 5, 2026
spot_img

സൗദി റോഡുകളിൽ പരിശോധന കടുപ്പിച്ചു; ടിജിഎയുടെ മിന്നൽ നീക്കത്തിൽ കുടുങ്ങിയത് 93,000 നിയമലംഘകർ

റിയാദ്: രാജ്യത്തെ ഗതാഗത മേഖലയിൽ സുരക്ഷയും സേവന നിലവാരവും ഉറപ്പാക്കുന്നതിനായുള്ള പരിശോധനകൾ ശക്തമാക്കി സൗദി ട്രാൻസ്പോർട്ട് ജനറൽ അതോറിറ്റി (TGA). ഫെബ്രുവരി മാസത്തിൽ രാജ്യത്തുടനീളം അതോറിറ്റി നടത്തിയ വ്യാപകമായ പരിശോധനകളിൽ 93,259 നിയമലംഘനങ്ങൾ കണ്ടെത്തി. റോഡ്, കടൽ, റെയിൽ മാർഗങ്ങളിലായി നടത്തിയ 4.6 ലക്ഷത്തിലധികം പരിശോധനകളിൽ നിന്നാണ് ഇത്രയധികം നിയമലംഘനങ്ങൾ പിടികൂടിയത്. കൃത്യമായ മാനദണ്ഡങ്ങൾ പാലിക്കാതെ സർവീസ് നടത്തിയ 2,762 വാഹനങ്ങൾ അതോറിറ്റി പിടിച്ചെടുക്കുകയും ചെയ്തു. ഗതാഗത മേഖലയിലെ സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിക്കുന്നവർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടി തുടരുമെന്ന് ടിജിഎ വ്യക്തമാക്കി.

റോഡ് ഗതാഗത മേഖലയിലാണ് ഏറ്റവും കൂടുതൽ നിയമലംഘനങ്ങൾ റിപ്പോർട്ട് ചെയ്തത്—93,230 കേസുകൾ. ഇതിൽ 92 ശതമാനം പേരും നിയമങ്ങൾ പാലിച്ചപ്പോൾ ബാക്കിയുള്ളവർക്കെതിരെ ശിക്ഷാ നടപടികൾ സ്വീകരിച്ചു. കടൽ മാർഗമുള്ള ഗതാഗതത്തിൽ 7,720 പരിശോധനകൾ നടത്തി 29 നിയമലംഘനങ്ങൾ കണ്ടെത്തി. റെയിൽവേ മേഖലയിൽ നടത്തിയ 43 പരിശോധനകളിലും 100 ശതമാനം നിയമപാലനം രേഖപ്പെടുത്തി എന്നത് ശ്രദ്ധേയമാണ്. വാഹനങ്ങളുടെയും ചരക്കുകളുടെയും സുരക്ഷാ മാനദണ്ഡങ്ങളിലെ വീഴ്ച, ലൈസൻസില്ലാതെ സ്വകാര്യ വാഹനങ്ങൾ ടാക്സിയായി ഉപയോഗിക്കൽ, കാലാവധി കഴിഞ്ഞ ഓപ്പറേറ്റിംഗ് പെർമിറ്റുകൾ എന്നിവയാണ് പ്രധാനമായും കണ്ടെത്തിയ നിയമലംഘനങ്ങൾ.

നിയമലംഘനങ്ങളിൽ ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത് മക്ക മേഖലയിലാണ് (36,348). തൊട്ടുപിന്നാലെ റിയാദിൽ 20,164 കേസുകളും മദീനയിൽ 9,027 കേസുകളും റിപ്പോർട്ട് ചെയ്തു. ഈസ്റ്റേൺ പ്രവിശ്യ, തബൂക്ക് എന്നിവിടങ്ങളിലും നിരവധി കേസുകൾ രേഖപ്പെടുത്തിയിട്ടുണ്ട്. രാജ്യത്ത് നിലനിൽക്കുന്ന യുദ്ധസമാനമായ സാഹചര്യങ്ങൾക്കിടയിലും ആഭ്യന്തര സുരക്ഷയും ഗതാഗത ക്രമീകരണങ്ങളും സുഗമമായി മുന്നോട്ട് കൊണ്ടുപോകാനാണ് അധികൃതർ ശ്രമിക്കുന്നത്. മേഖലയിലെ സംഘർഷങ്ങളെത്തുടർന്ന് വിമാന സർവീസുകൾക്കും മറ്റും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുള്ള സാഹചര്യത്തിൽ, റോഡ് മാർഗമുള്ള യാത്രകൾ സുരക്ഷിതമാക്കാൻ കർശനമായ പരിശോധനകൾ തുടരുമെന്ന് ട്രാൻസ്പോർട്ട് അതോറിറ്റി അറിയിച്ചു.

 

Related Articles

- Advertisement -spot_img

Latest Articles