വാഷിങ്ടൺ: പശ്ചിമേഷ്യൻ സംഘർഷം രണ്ടാമത്തെ ആഴ്ചയിലേക്ക് കടക്കുമ്പോൾ ഇറാന്റെ സാമ്പത്തിക സിരാകേന്ദ്രമായ ഖാർഗ് ദ്വീപിന് നേരെ അമേരിക്ക ശക്തമായ ബോംബാക്രമണം നടത്തി. ഇറാന്റെ ഹൃദയഭാഗത്തെ തകർക്കുന്ന നീക്കമാണിതെന്ന് വിശേഷിപ്പിക്കപ്പെടുന്ന ഈ ആക്രമണത്തിന് പിന്നാലെ, പ്രത്യാക്രമണത്തിലൂടെ ശത്രുക്കളെ ചാരമാക്കുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകി.
യുഎസ്-ഇസ്രായേൽ സംയുക്ത ആക്രമണത്തിൽ ഇറാന്റെ പുതിയ പരമോന്നത നേതാവ് മുജ്തബ ഖാംനഈക്ക് പരുക്കേറ്റതായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് വെളിപ്പെടുത്തി. അദ്ദേഹത്തെക്കുറിച്ച് വിവരം നൽകുന്നവർക്ക് അമേരിക്ക വൻതുക പ്രതിഫലം പ്രഖ്യാപിച്ചിട്ടുമുണ്ട്. ഇതിനിടെ, പടിഞ്ഞാറൻ ഇറാഖിൽ തകർന്നുവീണ യുഎസ് സൈനിക വിമാനം കെസി-135 ലുണ്ടായിരുന്ന ആറ് സൈനികരിൽ നാലുപേർ മരിച്ചതായി പെന്റഗൺ സ്ഥിരീകരിച്ചു. ഇത് വെടിവെയ്പ്പിൽ തകർന്നതല്ലെന്നാണ് അമേരിക്കയുടെ വിശദീകരണമെങ്കിലും ഇറാൻ അനുകൂല ഗ്രൂപ്പുകൾ അവകാശവാദവുമായി രംഗത്തെത്തിയിട്ടുണ്ട്.
ഒമാനിലെ സോഹാറിൽ നടന്ന ഇറാൻ ഡ്രോൺ ആക്രമണത്തിൽ രണ്ട് ഇന്ത്യക്കാർ കൊല്ലപ്പെടുകയും പത്തുപേർക്ക് പരുക്കേൽക്കുകയും ചെയ്തത് ഇന്ത്യയെ സംബന്ധിച്ച് കടുത്ത ആശങ്കയ്ക്ക് ഇടയാക്കിയിട്ടുണ്ട്. എന്നാൽ, യുദ്ധസാഹചര്യങ്ങൾക്കിടയിലും 40,000 മെട്രിക് ടണ്ണിലധികം പാചകവാതകവുമായി ഇന്ത്യൻ കപ്പലായ ‘ശിവാലിക്’ ഹോർമുസ് കടലിടുക്ക് കടന്നത് രാജ്യത്തിന് ആശ്വാസമേകുന്നു.



