21.9 C
Saudi Arabia
Thursday, April 30, 2026
spot_img

പരീക്ഷക്ക് പഠിക്കുകയായിരുന്ന വിദ്യാർഥിനിക്ക് നേരെ ക്രൂര ആക്രമണം; പരിക്കേറ്റ പെൺകുട്ടി അതീവ ഗുരുതരാവസ്ഥയിൽ

കൊച്ചി: പരീക്ഷക്കായി വീട്ടിലിരുന്ന് പഠിക്കുകയായിരുന്ന പ്ലസ് വൺ വിദ്യാർഥിനിക്ക് നേരെ പുലർച്ചെ അജ്ഞാതരുടെ ക്രൂര ആക്രമണം. പെരുമ്പാവൂർ,  വെങ്ങോല പൂനൂരിൽ വെള്ളിയാഴ്ച പുലർച്ചെ 2.30-ഓടെയാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. വീടിന്റെ മുകൾ നിലയിലുള്ള മുറിയിൽ പഠിച്ചുകൊണ്ടിരുന്ന പതിനാറുകാരിയെ മുറിക്ക് പുറത്തുവെച്ച് അക്രമികൾ തടയുകയായിരുന്നു. പെൺകുട്ടിയുടെ മുഖത്ത് സ്പ്രേ അടിക്കുകയും ശരീരത്തിൽ ബ്ലേഡ് ഉപയോഗിച്ച് വരഞ്ഞ് മുറിവേൽപ്പിക്കുകയും ചെയ്തു. ആക്രമണത്തിനിടയിൽ മുകൾ നിലയിൽ നിന്ന് മുറ്റത്തേക്ക് തെറിച്ചുവീണ വിദ്യാർഥിനിയുടെ തലക്ക് പിന്നിൽ ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.

വീട്ടുകാർ വിവരം അറിഞ്ഞ് പെൺകുട്ടിയെ ഉടൻ തന്നെ പെരുമ്പാവൂരിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് എറണാകുളം ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. നിലവിൽ അബോധാവസ്ഥയിലായ പെൺകുട്ടിക്ക് ഇടയ്ക്കിടെ ബോധം തെളിയുന്നുണ്ടെങ്കിലും കൃത്യമായ മൊഴി നൽകാൻ സാധിച്ചിട്ടില്ല. മോഷണശ്രമത്തിനിടെയുള്ള ആക്രമണമാണെന്നാണ് പ്രാഥമികമായി കരുതുന്നതെങ്കിലും സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് പോലീസ് സംശയിക്കുന്നു. ആക്രമണത്തിന് പിന്നിൽ ഒന്നിലധികം പേരുണ്ടോ എന്നും പോലീസ് പരിശോധിച്ചുവരികയാണ്. വിദ്യാർഥിനിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷം മാത്രമേ കൂടുതൽ വിവരങ്ങൾ വ്യക്തമാകൂ എന്ന് അന്വേഷണസംഘം അറിയിച്ചു.

 

 

Related Articles

- Advertisement -spot_img

Latest Articles