ബാങ്കോക്ക്: ബോംബ് ഭീഷണിയെ തുടർന്ന് എയർ ഇന്ത്യ വിമാനം തായ്‌ലൻഡിൽ അടിയന്തിരമായി നിലത്തിറക്കി. ഫുക്കറ്റിൽ നിന്നും ഡൽഹിയിലേക്കുള്ള വിമാനമാണ് അടിയന്തിരമായി നിലത്തിറക്കിയത്. ഇന്ന് രാവിലെയാണ് സംഭവം നടന്നത്. ഇന്ത്യൻ സമയം രാവിലെ 9.30 നായിരുന്നു വിമാനം പുറപ്പെട്ടത്. ഉടനെ വിമാനത്തിൽ ബോംബ് വെച്ചതായി എയർപോർട്ട് അധികൃതർക്ക് ഭീഷണി സന്ദേശം ലഭിക്കുകയായിരുന്നു. ഉടൻ തന്നെ വിമാനം അടിയന്തിര ലാൻഡിംഗ് നടത്തി. യാത്രക്കാരെ മുഴുവനും സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. പിന്നാലെ പോലീസിന്റെ നേതൃത്വത്തിൽ വിമാനം അരിച്ചു പെറുക്കിയെങ്കിലും ഒന്നും കണ്ടെത്താനായില്ല.
ഇറാൻ ഇസ്രായേൽ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ എയർ ഇന്ത്യയുടെ പതിനാറ് വിമാനങ്ങൾ തിരിച്ചിറക്കുകയോ വഴി തിരിച്ചു വിടുകയോ ചെയ്‌തിരുന്നു. അപ്രതീക്ഷിതമായി യാത്രക്കാർക്കുണ്ടായ തടസ്സത്തിൽ എയർ ഇന്ത്യ ഖേദം പ്രകടിപ്പിച്ചിരുന്നു. യാത്രക്കാർക്ക് താമസ സൗകര്യം ഒരുക്കുകയും അവരുടെ പ്രയാസങ്ങൾ ലഘൂകരിക്കുന്നതുൾപ്പടെയുള്ള കാര്യങ്ങൾ ചെയ്യുകയും ചെയ്യുമെന്ന് എയർ ഇന്ത്യ അറിയിച്ചു.
യാത്ര റദ്ദാക്കുന്നവർക്ക് പണം തിരികെ നൽകുമെന്നും അല്ലാത്തവർക്ക് സൗജന്യ റീ ഷെഡ്യൂളിങ് തെരഞ്ഞെടുക്കാം. യാത്രക്കാരെ അവരുടെ ലക്ഷ്യസ്ഥാനത്തെത്തിക്കുന്നതിന് ബദൽ ക്രമീകരണങ്ങൾ വരുത്തിയതായും എയർ ഇന്ത്യ അറിയിച്ചു.