ദുബൈ: രാഷ്ട്രീയപാർട്ടിയെയും മതത്തെയും പിന്തുണക്കുന്നതല്ല തന്റെ സിനിമകളെന്ന് നടൻ ഉണ്ണിമുകുന്ദൻ. മറിച്ച് തെളിയിച്ചാൽ അഭിനയം അവസാനിപ്പിക്കുമെന്നും അദ്ദേഹം ദുബൈയിൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു. പുതിയ സിനിമ ജയ് ഗണേഷ് ഗൾഫ് രാജ്യങ്ങളിൽ റിലീസ് ചെയ്യുന്നതിന് മുന്നോടിയായി ദുബൈയിലെ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു ഉണ്ണി മുകുന്ദൻ . ജയ് ഗണേഷ് എന്ന പേര് സിനിമക്ക് ഗൾഫിൽ ഒരു ബുദ്ധിമുട്ടും സൃഷ്ടിച്ചിട്ടില്ല. എല്ലാവരെയും സ്വാഗതം ചെയ്യുന്ന രാജ്യത്ത് അത്തരം ആശങ്കകളില്ല. മലയാള സിനിമകൾ പാൻ ഇന്ത്യ ലൈവലിൽ ശ്രദ്ധിക്കപ്പെടുന്നു എന്നത് പ്രതീക്ഷ നൽകുന്ന ട്രെൻഡാണെന്ന് സംവിധായകൻ രഞ്ജിത് ശങ്കർ പറഞ്ഞു. ഭിന്നശേഷിക്കാരുടെ ഹീറോയിസം വിഷയമാകുന്ന ജയ് ഗണേഷ് നാട്ടിലെ കെട്ടിടങ്ങളും തിയേറ്ററുകളും ഭിന്നശേഷി സൗഹൃദമാക്കാൻ പ്രേരകമായാൽ അതായിരിക്കും സിനിമയുടെ വലിയ വിജയമെന്നും ഉണ്ണി മുകുന്ദൻ പറഞ്ഞു.