ടെഹ്‌റാൻ: ഇസ്രായേൽ ആക്രമണത്തിൽ ഇറാൻ പ്രസിഡന്റിന് പരിക്കേറ്റിരുന്നുവെന്ന് ഇറാൻ വാർത്താ ഏജൻസി. ഇറാൻറെ ദേശീയ കൗൺസിൽ നടക്കുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്. ജൂൺ 16 ന് ഇസ്രായേൽ നടത്തിയ അപ്രതീക്ഷിത ആക്രമണത്തിലായിരുന്നു ഇറാൻ പ്രസിഡൻറ് മസൂദ് പെസെഷ്‌കി ഉൾപ്പടെയുള്ളവർക്ക് പരിക്കേറ്റത്.
മസൂദ് പെസെഷ്‌കിയുടെ കാലിനായിരുന്നു പരിക്ക് പറ്റിയിരുന്നത്. ഇറാൻ പാർലമെന്റ് സ്‌പീക്കർ മുഹമ്മദ് ബാഗർ ഗാലിബാഫ്, ജുഡീഷ്യറി തലവൻ മൊഹ്‌സെനി എജെയ് തുടങ്ങിയവരടങ്ങുന്ന യോഗത്തിൽ പങ്കെടുക്കവെയായിരുന്നു ആക്രമണം. ടെഹ്‌റാന്റെ പടിഞ്ഞാറൻ മേഖലയിലുണ്ടായ മിസൈലാക്രമണത്തിലായിരുന്നു അപകടം.
ഹിസ്ബുല്ലാഹ് നേതാവ് ഹസൻ നസ്റുല്ലയെ കൊലപ്പെടുത്തിയ രീതിയിൽ തന്നെ പെസെഷ്‌കിയാനെ ഉന്നം വെച്ചുള്ള ആക്രമണമായിരുന്നു ഇസ്രായേൽ പദ്ധതിയിട്ടിരുന്നത്. പെസെഷ്‌കിയാനെയുണ്ടായിരുന്ന കെട്ടിടത്തിലെ വായു സഞ്ചാരം പൂർണമായും തടഞ്ഞ ശേഷം വിഷപുക അകത്തേക്ക് കടത്തിവിടാനായിരുന്നു പദ്ധതി. ഇതിന് വേണ്ടി ആറു മിസൈലുകളാണ് ഇസ്രായേൽ തൊടുത്തുവിട്ടത്. എന്നാൽ കെട്ടിടത്തിൽ രഹസ്യ പാതയുണ്ടായിരുന്നതിനാൽ ഇവർ ഇതുവഴി രക്ഷപെടുകയായിരുന്നു. 2024ൽ ഹിസ്ബുല്ലാഹ് നേതാവ് ഹസൻ നസ്റുല്ലയെ സമാനമായ തരത്തിൽ മിസൈലിൽ നിന്നുള്ള പൊക ശ്വസിപ്പിച്ചായിരുന്നു ഇസ്രായേൽ കൊലപ്പെടുത്തിയത്.