മുംബൈ: നാഥുറാം വിനായക് ഗോഡ്‌സെയുടെ പിൻഗാമികളിൽ നിന്നും ജീവന് ഭീഷണിയുണ്ടെന്ന് രാഹുൽ ഗാന്ധി. സവർക്കർക്കെതിരായ പരാമർശത്തിന്റെ പേരിലുള്ള മാനനഷ്ടക്കേസിൽ പൂനെ കോടതിയിലാണ് രാഹുൽ ഇക്കാര്യം അറിയിച്ചത്.
അഭിഭാഷകനായ മിലിന്ദ് ദത്താത്രയ പവാർ മുഖേനയാണ് രാഹുൽ ഗാന്ധി ഹർജി സമർപ്പിച്ചത്. തനിക്കെതിരായ പരാതിക്കാരൻ സാത്യകി സവർക്കർ മഹാത്മാഗാന്ധിയുടെ ഘാതകനായ ഗോഡ്‌സെയുടെ നേരിട്ടുള്ള പിൻഗാമിയാണെന്ന് രാഹുൽ ഗാന്ധി അപേക്ഷയിൽ പറയുന്നു.
പരാതിക്കാരന്റെ കുടുംബ പരമ്പരക്ക് അക്രമത്തിൻറെയും ഭരണഘടനാ വിരുദ്ധ പ്രവണതയുടെയും രേഖപ്പെടുത്തപ്പെട്ട ചരിത്രം ഉണ്ടെന്നും രാഹുൽ ചൂണ്ടിക്കാട്ടി. മഹാത്മാഗാന്ധിയുടെ കൊലപാതകം ഒരു പ്രേരണയുടെ ഫലമായിരുന്നില്ല. മറിച്ച് ഒരു പ്രത്യേയ ശാസ്ത്രത്തിൽ വേരൂന്നിയ ഗൂഢാലോചനയുടെ ഫലമായിരുന്നു. നിരായുധനായ ഒരു വ്യക്തിക്കെതിരെ ബോധപൂർവമായ അക്രമമാണ് നടന്നതെന്നും രാഹുൽ അപേക്ഷയിൽ പറയുന്നുണ്ട്.
നിലവിലെ സാഹചര്യത്തിൽ ഇത്തരത്തിലുള്ള കൊലപാതകം ഇനിയും ആവർത്തിക്കാൻ ഇടയുണ്ടെന്നും രാഹുൽ ഗാന്ധി കോടതിയിൽ പറഞ്ഞു.