തൃശൂർ: സിറാജുൽ ഉലൂം സ്കൂളിൽ ഓണാഘോഷവുമായി ബന്ധപ്പെട്ട് പ്രചരിച്ച മെസ്സേജിൻ്റെ പേരിൽ സാമൂഹിക വിഭജനം സൃഷ്ടിക്കാനുള്ള ശ്രമത്തിൽ നിന്ന് സി പി എം പിൻമാറണമെന്ന് എസ് വൈ എസ് ജില്ലാ കമിറ്റി ആവശ്യപ്പെട്ടു.
വിഷയത്തിലെ ശരി തെറ്റുകളെ ചൊല്ലി സംവാദത്തിനു മുതിരാതെ സ്കൂൾ മാനേജ്മെൻ്റ് ഖേദം പ്രകടിപ്പിക്കുകയും നടപടി സ്വീകരിക്കുകയും ചെയ്തതിനു ശേഷവും മുസ്‌ലിം സമുദായത്തെ തെറ്റിദ്ധരിപ്പിക്കുംവിധം ഇടപെടുകയും സാമൂഹിക വിഭജനം സൃഷ്ടിക്കും വിധത്തിൽ സമരങ്ങളും പ്രസ്താവനകളുമായി രംഗത്തുവരികയും ചെയ്യുന്ന സി.പി.എമ്മിൻ്റേയും പോഷക സംഘടനകളുടേയും നിലപാട് സംശയാസ്പദമാണ്.
സമൂഹത്തിൽ ഛിദ്രതയും വർഗീയമായ ചേരിതിരിവും ഉണ്ടാകണമെന്ന് ആഗ്രഹിക്കുകയും അതിൻ്റെ ആദായം പറ്റാൻ ചിലർ കാത്തിരിക്കുകയും ചെയ്യുന്ന പശ്ചാത്തലത്തിൽ അവർക്ക് സഹായകമാകുന്ന വിധത്തിലാണ് സി പി എമ്മും പോഷക സംഘടനകളും മുന്നോട്ടു പോകുന്നത്. സന്ദർഭവശാൽ സംഭവിക്കുന്ന ജാഗ്രത കുറവുകളെ മുറിവുകൾ അധികമില്ലാതെ ഉണക്കാൻ ശ്രമിക്കുന്നതാണ് മതനിരപേക്ഷ രാഷ്ട്രീയ പ്രവർത്തനത്തിനു കരണീയം. പകരം രാഷ്ട്രീയ മുതലെടുപ്പ് ലക്ഷ്യമാക്കി നടത്തുന്ന പ്രവർത്തനങ്ങളാണുണ്ടാകുന്നത്.
ആഘോഷങ്ങളും ആചാരങ്ങളുമെല്ലാം വ്യക്തികളുടെയും സമൂഹങ്ങളുടെയും ഇഷ്ടാനുസരണമുള്ള തിരഞ്ഞെടുപ്പുകളും സ്വാതന്ത്ര്യവുമായി തുടരണം എന്നതാണ് നമ്മുടെ അടിസ്ഥാന ജനാധിപത്യ ധാരണ എന്നിരിക്കേ സമൂഹത്തിൽ നിലനിൽക്കുന്ന സൗഹൃദാന്തരീക്ഷത്തെ പരിക്കേൽപ്പിക്കുന്ന പ്രവർത്തനങ്ങളിൽ നിന്ന് സി.പി.എം പിൻമാറണം.