ദുബൈ: ഇൻകാസ് ദുബൈ തൃശൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ബാഡ്മിന്റൺ ടൂർണ്ണമെന്റിന് ആവേശോജ്ജ്വല സമാപനം. 16 ടീമുകൾ പങ്കെടുത്ത മത്സരം ഗംഭീരമായി. ഗ്യാലറിയിലിരുന്ന് കാണികളും മത്സരങ്ങൾക്ക് ആവേശം നൽകി.
അൻവറും മുബശ്ശിറും നയിച്ച ടീം യു ഡി വിന്നേഴ്സ് ട്രോഫിയും, അൻസൽ ഹബീബ്, ഷിബിൻ ഫ്രാൻസിസ് എന്നിവരുടെ നേതൃത്വത്തിലുള്ള യു ബി സി ടീം റണ്ണർ അപ്പ് ട്രോഫിയും കരസ്ഥമാക്കി.
മുൻ ആലത്തൂർ എം പി രമ്യ ഹരിദാസ് വിജയികൾക്ക് സമ്മാനദാനം നടത്തി. ഇൻകാസ് ദുബൈ തൃശൂർ ജില്ലാ പ്രസിഡന്റ് ഫിറോസ് മുഹമ്മദാലി അദ്ധ്യക്ഷത വഹിച്ചു. ഇൻകാസ് സ്റ്റേറ്റ് പ്രസിഡന്റ് റഫീഖ് മട്ടന്നൂർ മുഖ്യാതിഥിയായിരുന്നു.
ടൂർണ്ണമെന്റിന്റെ ഭാഗമായി കുട്ടികൾക്കായി സംഘടിപ്പിച്ച ബാഡ്മിന്റൺ കോച്ചിംഗ് ക്യാമ്പ്, ഇൻകാസ് ദുബൈ സ്റ്റേറ്റ് വർക്കിംഗ് പ്രസിഡന്റ് ബി പവിത്രൻ ഉദ്ഘാടനം ചെയ്തു.
നിരവധി അന്താരാഷ്ട്ര ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ പങ്കെടുത്തിട്ടുള്ള സന്തോഷ് തളിക്കുളത്തിനെയും, ഏഷ്യൻ യോഗാസന ചാമ്പ്യൻഷിപ്പിൽ 27 മെഡലുകൾ നേടിയ യു എ ഇ ടീമിന്റെ പ്രധാന പരിശീലകയായിരുന്ന നിബ മനോഹരനേയും ചടങ്ങിൽ ആദരിച്ചു.