റിയാദ്: എഐ ഉപയോഗിച്ച് പകർപ്പവകാശനിയമലംഘനം നടത്തിയാൽ സൗദിയിൽ 9,000 റിയാൽ പിഴ ചുമത്തുമെന്ന് സൗദി ബൗദ്ധിക സ്വത്തവകാശ അതോറിറ്റി. ഉടമയുടെ അനുവാദമില്ലാതെയും സമ്മതം കൂടാതെയുമുള്ള പ്രസിദ്ധീകരണം വിപണനം, വാണിജ്യ ചൂഷണം എന്നിവക്ക് പിഴ ചുമത്തും.
വ്യക്തികളുടെ സ്വകാര്യ ഫോട്ടോകൾ പോസ്റ്റ് ചെയ്യുന്നതും എഐ ഉപയോഗിച്ച് അതിൽ മാറ്റം വരുത്തുന്നതും ഉടമയുടെ അനുവാദമില്ലാതെ വാണിജ്യപരമായി ഉപയോഗിക്കുന്നതും പകർപ്പവകാശ നിയമത്തിന്റെ വ്യക്തമായ ലംഘനമാണെന്ന് സൗദി ബൗദ്ധിക സ്വത്തവകാശ അതോറിറ്റി പറഞ്ഞു.
സമാനമായ കേസിൽ പ്രതിയായ ഒരാളെ ശിക്ഷിക്കുകയും ഇയാൾ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തുകയും ചെയ്‌തിരുന്നു. ഉടമയുടെ അനുവാദമില്ലാതെ സ്വകാര്യ ഫോട്ടോ പ്രസിദ്ധീകരിക്കുകയും മാറ്റം വരുത്തുകയും ചെയ്‌തതിനാണ് കോടതി ഇയാളെ ശിക്ഷിച്ചത്. തെളിവുകളുടെ അടിസ്ഥാനത്തിൽ പ്രതിയോട് കോടതി 9,000 റിയാൽ പിഴയടക്കാൻ ഉത്തരവിടുകയും ചെയ്‌തു.
പകർപ്പവകാശമുള്ള വ്യക്തികൾ പരാതി ഉന്നയിക്കുന്നതോടെയാണ് ഇത്തരത്തിലുള്ള കേസുകൾ ആരംഭിക്കുന്നതെന്ന് സൗദി ബൗദ്ധിക അതോറിറ്റി അറിയിച്ചു. ഇതിന് ശേഷം ലംഘനത്തിന്റെ സ്വഭാവം നിർണയിക്കാനായി തെളിവുകൾ ശേഖരിച്ച് കേസ് വിശകലനം ചെയ്യും നിയമം ലംഘിച്ച വ്യക്തിക്ക് പറയാനുള്ള കാര്യങ്ങൾ കേട്ട ശേഷം കേസ് ഒരു പ്രത്യേക കമ്മിറ്റിക്ക് കൈമാറും. തുടർന്നാണ് അന്തിമ തീരുമാനം എടുക്കുക. ബൗദ്ധിക സ്വത്തവകാശ നിയമം മാനിക്കണമെന്നും ലംഘിക്കുന്നതിൽ നിന്നും വിട്ടു നിൽക്കണമെന്നും അതോറിറ്റി ആവശ്യപ്പെട്ടു.