ദമ്മാം: ലോകത്തെ പ്രമുഖ സംയോജിത ഊർജ്ജ-കെമിക്കൽ കമ്പനിയായ സൗദി അരാംകോ, തങ്ങളുടെ ഗ്ലോബൽ മീഡിയം ടേം നോട്ട് പ്രോഗ്രാമിന് കീഴിൽ 400 കോടി ഡോളറിന്റെ ബോണ്ട് ഇഷ്യൂ വിജയകരമായി പൂർത്തിയാക്കി. നാല് ഘട്ടങ്ങളിലായാണ് (Tranches) ഈ ബോണ്ടുകൾ പുറത്തിറക്കിയത്. ഇതിൽ 2029-ൽ കാലാവധി തികയുന്ന 50 കോടി ഡോളറിന്റെ സീനിയർ നോട്ടുകൾ (4% പലിശ), 2031-ൽ കാലാവധി തികയുന്ന 150 കോടി ഡോളർ (4.375% പലിശ), 2036-ൽ കാലാവധി തികയുന്ന 125 കോടി ഡോളർ (5% പലിശ), 2056-ൽ കാലാവധി തികയുന്ന 75 കോടി ഡോളർ (6% പലിശ) എന്നിവ ഉൾപ്പെടുന്നു. 2026 ജനുവരി 26-ന് വില നിശ്ചയിച്ച ഈ ബോണ്ടുകൾ ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ചിലാണ് ലിസ്റ്റ് ചെയ്തിരിക്കുന്നത്.
കമ്പനിയുടെ മൂലധന ഘടന മെച്ചപ്പെടുത്തുന്നതിനും ഓഹരി ഉടമകൾക്കായി ദീർഘകാല മൂല്യം സൃഷ്ടിക്കുന്നതിനുമുള്ള തന്ത്രപരമായ നീക്കത്തിന്റെ ഭാഗമാണിതെന്ന് അരാംകോ വ്യക്തമാക്കി. ആഗോള നിക്ഷേപകർക്ക് അരാംകോയുടെ സാമ്പത്തിക കരുത്തിലും ബാലൻസ് ഷീറ്റിലുമുള്ള വിശ്വാസമാണ് മികച്ച പലിശ നിരക്കിൽ ഇടപാട് പൂർത്തിയാക്കാൻ സഹായിച്ചതെന്ന് അരാംകോ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റും സി.എഫ്.ഒയുമായ സിയാദ് അൽ മുർഷിദ് പറഞ്ഞു. അച്ചടക്കമുള്ള മൂലധന മാനേജ്‌മെന്റിലൂടെ ഓഹരി ഉടമകൾക്ക് മികച്ച നേട്ടം നൽകുന്നതിൽ കമ്പനി പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കമ്പനിയുടെ ഉന്നതമായ ക്രെഡിറ്റ് ഗുണമേന്മയാണ് മൂന്ന് ഘട്ടങ്ങളിലും ആകർഷകമായ പ്രൈസിംഗ് ലഭിക്കാൻ കാരണമായത്.



