തീരുവനന്തപുരം: ന്യൂനപക്ഷ കമ്മീഷന്‍ രൂപവത്കരിച്ചതിന്റെ പത്താം വാര്‍ഷികം ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കുള്ള വിപുല പദ്ധതികളോടെ കേരള സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ ആഘോഷിക്കുന്നു. മെയ് 15നാണ് ന്യൂനപക്ഷ കമ്മീഷന് പത്ത് വര്‍ഷം പൂര്‍ത്തിയായി. പത്താം വർഷികത്തിന്റെ ഭാഗമായി ന്യൂനപക്ഷ വിഭാഗങ്ങളിലെ ഒരു ലക്ഷം യുവതീ- യുവാക്കള്‍ക്ക് ഡിസംബറിനുള്ളില്‍ തന്നെ തൊഴില്‍ ലഭ്യമാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കി വരികയാണെന്ന് കമ്മീഷന്‍ ചെയര്‍മാന്‍ എ എ റശീദ് പറഞ്ഞു.
ന്യൂനപക്ഷ കമ്മീഷനും കേരള നോളജ് ഇക്കോണമി മിഷനും യുവജനങ്ങള്‍ക്കായി നല്‍കിവരുന്ന നൈപുണ്യ വൈജ്ഞാനിക തൊഴില്‍ പരിചയം സംബന്ധിച്ച് പ്രത്യേക ബോധവത്കരണ ക്ലാസ്സുകളും സെമിനാറുകളും നടത്തി വരികയാണ്. ക്ലാസ്സുകള്‍ പൂര്‍ത്തിയാവുന്ന മുറക്ക് സന്നദ്ധ സംഘടനകളും കമ്പനികളുമായി ബന്ധപ്പെട്ട് തൊഴില്‍മേള സംഘടിപ്പിക്കുമെന്ന് എ എ റശീദ് വ്യക്തമാക്കി.
കേരള മീഡിയ അക്കാദമിയുമായി സഹകരിച്ച് സൂക്ഷ്മ ന്യൂനപക്ഷ ജനവിഭാഗങ്ങളെ സംബന്ധിച്ച പഠനം നടത്തി റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ കമ്മീഷന്‍ ധാരണാപത്രം ഒപ്പിട്ടിട്ടുണ്ട്. ഈ മാസം തന്നെ റിപോര്‍ട്ട് ലഭ്യമാകുമെന്നും എ എ റശീദ് പറഞ്ഞു. ന്യൂനപക്ഷ കമ്മീഷന്റെ പ്രവര്‍ത്തനങ്ങള്‍ ജനങ്ങളിലേക്കെത്തിക്കുവാന്‍ കമ്മീഷന്‍ പ്രസിദ്ധീകരിച്ചുവരുന്ന ന്യൂസ് ബുള്ളറ്റിനും പൊതുശ്രദ്ധയാകര്‍ഷിക്കുന്നുണ്ട്.
കമ്മീഷന്റെ പ്രവര്‍ത്തനങ്ങളും , അധികാരങ്ങളും സംബന്ധിച്ച് ജനങ്ങള്‍ക്കിടയില്‍ അവബോധം കൊണ്ടുവരാനുള്ള തീവ്ര ശ്രമത്തിലാണ് കമ്മീഷനെന്നും അദ്ദേഹം വ്യക്തമാക്കി. കമ്മീഷന്‍ അംഗം എ സൈഫുദ്ദീന്‍ ഹാജി, ഫാ. ജെ ജയ രാജ്, എം എ റഹീം വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു