കോഴിക്കോട്: രണ്ട് കോടി രൂപയുടെ മയക്കുമരുന്ന് കടത്തിയ കേസിൽ യുവതി പോലീസ് പിടിയിലായി. ബംഗ്ളൂരുവിൽ നിന്നും മയക്കുമരുന്ന് വില്‍പ്പനയ്ക്കായി കോഴിക്കോട്ടെത്തിച്ച സംഭവത്തിലാണ് യുവതി അറസ്റ്റിലായത്. ആലപ്പുഴ സ്വദേശി ജുമിയെയാണ് വെള്ളിയാഴ്ച ബെംഗളൂരുവില്‍ നിന്നും പോലീസ് പിടികൂടിയത്. പുതിയങ്ങാടി എടക്കൽ ഭാഗത്ത് വാടക വീട് കേന്ദ്രീകരിച്ച് ലഹരിക്കച്ചവടം നടത്തുന്നുണ്ടെന്ന വിവരം മെയ് 19 നാണ് പോലീസിന് ലഭിക്കുന്നത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് രണ്ടുകോടിയിലധികം വിലവരുന്ന മയക്കുമരുന്ന് പോലീസ് പിടികൂടിയത്.
യുവതിയാണ് ബംഗളൂരുവില്‍ നിന്നും മയക്കുമരുന്ന് കോഴിക്കോട്ടേക്ക് കടത്തിയതെന്നാണ് പോലീസ് പറയുന്നത്. ഈ കേസുമായി ബന്ധപ്പെട്ട് നേരത്തെ രണ്ടുപേരെ പോലീസ് പിടികൂടിയിരുന്നു. പെരുവണ്ണാമൂഴി സ്വദേശി ആല്‍ബിന്‍, ഷൈന്‍ ഷാജി എന്നിവരെയാണ് നേരത്തെ പോലീസ് പിടി കൂടിയത്. മാളുകളുടെ പരിസരങ്ങൾ, കോഴിക്കോട് ബീച്ച് തുടങ്ങിയ കേന്ദ്രങ്ങൾ കേന്ദ്രീകരിച്ചാണ് ഇവർ ലഹരികച്ചവടം ചെയ്യുന്നതെന്ന് പോലീസ് പറയുന്നത്.