ദമ്മാം: ദമ്മാം കിംഗ് ഫഹദ് ഇന്റർ നാഷണൽ എയർപ്പോർട്ടിൽ അഗ്നിബാധ. ഇന്ന് പുലര്‍ച്ചെ നൈല്‍ എയര്‍ വിമാനത്തിലാണ് തീ പടര്‍ന്നുപിടിച്ചത്. ദമ്മാം എയര്‍പോര്‍ട്ടില്‍ നിന്ന് ടേക്ക് ഓഫ് നടത്തുന്നതിനിടെ വിമാനത്തിന്റെ ടയര്‍ സംവിധാനത്തില്‍ തീ പടര്‍ന്നു പിടിക്കുകയായിരുന്നു. ഉടൻ പൈലറ്റുമാര്‍ ടേക്ക് ഓഫ് റദ്ദാക്കുകയും യാത്രക്കാരെ എമര്‍ജന്‍സി എക്‌സിറ്റുകള്‍ വഴി ഒഴിപ്പിപ്പിക്കുകയും ചെയ്തു, എയര്‍പോര്‍ട്ടിലെ അഗ്നി സുരക്ഷ സംഘങ്ങള്‍ വിമാനത്തിലെ തീ വിജയകരമായി അണക്കുകയുംചെയ്തു. നാഷണല്‍ ട്രാന്‍സ്‌പോര്‍ട്ട് സേഫ്റ്റി സെന്ററിനു കീഴിലെ വിദഗ്ധ സംഘം അപകടം സംബന്ധിച്ച് അന്വേഷണം ആരംഭിച്ചു.
അപകടത്തിൽ ആര്‍ക്കും പരിക്കില്ല. വിമാനത്തിലെ 186 യാത്രക്കാരെയും എട്ടു വിമാന ജീവനക്കാരെയും സുരക്ഷിതമായി ഒഴിപ്പിക്കുകയും ചെയ്തു. അപകടത്തിന്റെ വിശദാംശങ്ങള്‍ അറിയാനും കാരണങ്ങള്‍ നിര്‍ണയിക്കാനും സംഭവത്തില്‍ പ്രത്യേക സംഘം അന്വേഷണം നടത്തിവരികയാണ്. ദമ്മാം എയര്‍പോര്‍ട്ടില്‍ മറ്റു വിമാനങ്ങളുടെ ലാന്‍ഡിംഗിനെയോ ടേക്ക് ഓഫിനേയോ സംഭവം ബാധിച്ചിട്ടില്ലെന്നും ദമ്മാം എയര്‍പോര്‍ട്ട് അഡ്മിനിസ്‌ട്രേഷന്‍ വിഭാഗം അറിയിച്ചു