മേപ്പാടി : വയനാട് ചൂരല്‍മല മുണ്ടകൈ ഉരുള്‍പൊട്ടല്‍ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് കേരള മുസ്‍ലിം ജമാഅത്ത് ജനറല്‍ സെക്രട്ടറി സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ ബുഖാരി ആവശ്യപ്പെട്ടു. ദുരിതബാധിത പ്രദേശങ്ങൾ സന്ദര്‍ശിച്ച ശേഷം ചൂരല്‍മലയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു തങ്ങള്‍.
ഇത്രയും വലിയ പ്രതിസന്ധി ഘട്ടത്തില്‍ കേരള സര്‍ക്കാറിന്റെ പ്രവര്‍ത്തനങ്ങള്‍ പ്രശംസനീയമാണ്. കക്ഷി രാഷ്ട്രീയ ഭേദമന്യേ എല്ലാവരും അതിജയിക്കാന്‍ ഒന്നിച്ചു നിന്ന് ഈ പ്രതിസന്ധിയെ മറികടക്കാൻ ശ്രമിക്കുന്നത് എടുത്തുപറയേണ്ടതാണ്. കാന്തപുരം എ പി അബൂബക്കര്‍ മുസ്‍ലിയാരുടെ നേതൃത്വത്തിലുള്ള കേരള മുസ്‍ലിം ജമാഅത്ത് കഴിയാവുന്ന എല്ലാവിധ സഹായങ്ങളും ഉറപ്പ് നല്‍കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ടൂറിസം-പൊതുമരാമത്ത് മന്ത്രി പി മുഹമ്മദ് റിയാസ്, റവന്യൂ വകുപ്പ് മന്ത്രി കെ രാജന്‍, വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍, പുരാവസ്തു വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ എന്നിവരുമായി ഖലീൽ തങ്ങൾ കൂടിയാലോചന നടത്തി. കേരള സ്റ്റേറ്റ് ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡ് ചെയര്‍മാന്‍ എന്‍ അലി അബ്ദുല്ല, കേരള മുസ്‍ലിം ജമാഅത്ത് സെക്രട്ടറിമാരായ വണ്ടൂര്‍ അബ്ദുറഹ്‌മാന്‍ ഫൈസി, മജീദ് കക്കാട്, മുസ്ലിം ജമാഅത്ത് ജില്ലാ പ്രസിഡന്റ് കെ ഒ അഹ്‌മദ് കുട്ടി ബാഖവി, സെക്രട്ടറി എസ് ശറഫുദ്ധീന്‍, എസ് വൈ എസ് ജില്ലാ പ്രസിഡന്റ് ബശീര്‍ സഅദി, ജനറല്‍ സെക്രട്ടറി ലത്വീഫ് കാക്കവയല്‍ തുടങ്ങിയവരും തങ്ങളോടപ്പമുണ്ടായിരുന്നു