25.2 C
Saudi Arabia
Friday, October 10, 2025
spot_img

വഖഫ് ഭേദഗതി ബില്ലിനെ ശക്തമായി എതിര്‍ക്കും – മുസ്ലിം ലീഗ്

ന്യൂദല്‍ഹി : പാര്‍ലിമെന്റില്‍ അവതരിപ്പിക്കാനൊരുങ്ങുന്ന  വഖഫ് ഭേദഗതി ബില്ലിനെ ശക്തമായി എതിര്‍ക്കുമെന്ന് മുസ്ലിം ലീഗ് പാര്‍ലിമെന്ററി പാര്‍ട്ടി ലീഡര്‍ ഇ ടി മുഹമ്മദ് ബഷീര്‍, എം പിമാരായ പി വി അബ്ദുല്‍ വഹാബ്, ഡോ. എം പി അബ്ദുസമദ് സമദാനി, അഡ്വ.ഹാരിസ് ബീരാന്‍, നവാസ് ഗനി, എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ഗൂഢലക്ഷ്യത്തോടെയാണ് സര്‍ക്കാര്‍ പുതിയ വഖഫ് ബില്‍ കൊണ്ടുവരുന്നത്. നിയമനിര്‍മാണ പ്രക്രിയയില്‍ ഒരു തെറ്റായി രീതിയാണ് ഇക്കാര്യത്തില്‍ സര്‍ക്കാറിന്റെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടുള്ളത്.  ഇത് സംബന്ധിച്ച വിവരങ്ങള്‍ പാര്‍ലമെന്റ് ബിസിനസില്‍ ഇടാതെ പുലരാന്‍ നേരം മാത്രമാണ് പോര്‍ട്ടലില്‍ ഇട്ടത്. പാര്‍ലമെന്റ് അജണ്ടയില്‍ ഇത് ചേര്‍ത്തിയിരുന്നില്ല. വഖഫ് സംവിധാനത്തെ ചവിട്ടിമെതിക്കാന്‍ സര്‍ക്കാറിന് അധികാരം നല്‍കുന്ന ഒരു നിയമ നിര്‍മാണമാണിത്. വഖഫ് സ്വത്തുക്കളെ തീരെ ഇല്ലാതാക്കുന്ന ഒരു ശ്രമത്തിന്റെ ഭാഗം കൂടിയാണിത്.

വഖഫ് ബോര്‍ഡ്  സര്‍ക്കാറിന്റെ ഒരു അടിമയായി മാറുന്നു എന്നുള്ളതാണ് ഈ നിയമത്തിന്റെ പ്രകടമായിതന്നെ മനസ്സിലാക്കാന്‍കഴിയുന്നത്. അത് നാമമാത്രമായി മാറുന്നു,  വഖഫ് സ്വത്തുക്കളെ തങ്ങളുടെ കൈവശം തങ്ങളുടെ രാഷ്ട്രീയ ലക്ഷ്യത്തിന് വേണ്ടി സാധുക്കളായ ആളുകള്‍, മഹാരഥന്‍മാര്‍ എല്ലാംതന്നെ വഖഫ് നല്‍കിയ ഭൂമി പൂര്‍ണ്ണമായും തങ്ങളുടെ പരിധിയല്‍ നിര്‍ത്തുന്നതിന് വേണ്ടിയുള്ള ബിജെപിയുടെ കുത്സിത ശ്രമമാണ് ഇപ്പോഴത്തെ ഈ ബില്ലായി പുറത്ത് വരുന്നതെന്ന് മുസ്ലിം ലീഗ് എംപിമാര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. നിയമപരമായി അധികാരമുള്ള വഖഫ് ബോര്‍ഡിനെയും വഖഫ് കൗണ്‍സിലിനെയും എല്ലാം സര്‍ക്കാറിന്റെ ചൊല്‍പടിക്ക് നില്‍ക്കുന്ന ആളുകളെകൊണ്ട് നിറച്ച് കോടിക്കണക്കിന് രൂപയുടെ സ്വത്തുക്കള്‍, സ്ഥാപനങ്ങള്‍ എല്ലാം തകര്‍ക്കുകയാണ് ഈ ബില്ലിലൂടെ അവരുടെ ലക്ഷ്യമെന്നും മുസ്ലീം ലീഗ് നേതാക്കള്‍ വ്യക്തമാക്കി.

അതിന് പുറമെ വഖഫ് സ്വത്തുക്കള്‍ കൂടുതല്‍ കൂടുതല്‍ നിയമ സങ്കീര്‍ണ്ണതയിലേക്ക് നീങ്ങി അതിന്റെ പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാറിന്റെ നിയന്ത്രണത്തില്‍ കൊണ്ടുവരിക എന്നതാണ് ഈ ബില്ലിന്റെ ലക്ഷ്യം. മുസ്ലിം താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമായി നില്‍ക്കുന്നവരുടെ കൈയ്യില്‍ ഈ സ്വത്തുക്കളുടെ അവകാശാധികാരങ്ങള്‍ എത്തിക്കുക എന്ന കരുട്ട് ബുദ്ധിയാണ് ബിജെപിക്കുള്ളത് .

ഒരിക്കല്‍ വഖഫ് ചെയ്ത  ഭൂമിയില്‍ പിന്നീട് ആരെങ്കിലും അവകാശവാദം ഉന്നയിച്ചുവരികയാണെങ്കില്‍ അതില്‍ ഇടപെടാനും അതിന്റെ നിയന്ത്രണം സ്ഥാപിച്ചെടുക്കാനും കഴിയുന്ന വിധത്തിലാണ് ബിൽ  സംവിധാനം ചെയ്തിട്ടുള്ളത്. കോടികണക്കിന് രൂപയുടെ വഖഫ് സ്വത്ത് ഇന്ത്യയുടെ പല ഭാഗത്തും കൈയ്യേറ്റം ചെയ്യപ്പെട്ടിട്ടുണ്ട്. ഇതില്‍ സര്‍ക്കാര്‍ തന്നെയാണ് ഏറ്റവും വലിയ കൈയ്യേറ്റക്കാര്‍ അത്തരം ആളുകള്‍ക്ക് അവര്‍ കൈയ്യേറ്റം ചെയ്തുവച്ചിരിക്കുന്ന ഭൂമി അവരുടെ സ്വന്തമാക്കി മാറ്റാന്‍  സാധിക്കുന്ന വിധത്തില്‍ രൂപകല്‍പന ചെയ്തിട്ടുള്ള ഒരു നിയമമാണ് ഇപ്പോള്‍ വന്നിട്ടുള്ളത്.

വഖഫ് സ്വത്ത് സംബന്ധിച്ച് സെര്‍വ്വേ കമ്മിഷനറുടെ അധികാരങ്ങള്‍ എടുത്ത് മാറ്റി അത് കളക്ടര്‍മാര്‍ക്ക് കൊടുക്കുകയാണ്. വഖഫ് കൗണ്‍സിലില്‍ ഉള്ള എല്ലാ അംഗങ്ങളെയും കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ക്ക് നോമിനേറ്റ് ചെയ്യാന്‍ കഴിയുന്ന വിധത്തിലാണ് ഇതിന്റെ ഘടന. ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഒരു മത വിശ്വാസി ആകണമെന്നോ അല്ലെങ്കില്‍ മുസ്ലിം അകണമെന്നോ ഈ ബില്ല് പറയുന്നില്ല. ഈ നിയമം നടപ്പിലാക്കിയാല്‍ ഈ കാലം വരെ നിയമ വിരുദ്ധമായി കൈവശം വെച്ച് പോന്നിരുന്ന ആളുകള്‍ക്ക് യാതൊരു ബാധ്യതയുമില്ലാതെ ഇനി സുഗമമായിട്ട് അതുപയോഗിക്കാന്‍ ഗവണ്മെന്റ് വഴിയൊരുക്കികൊടുക്കുന്നു. ഇതിന്റെ എല്ലാ കാര്യങ്ങളും സര്‍ക്കാറിന്റെ നിയന്ത്രണത്തില്‍ കൊണ്ടുവരികയാണ്. ക്രൂരമായ ഒരു നടപടിയാണ് ഇക്കാര്യത്തില്‍ സര്‍ക്കാറിന്റെ ഭാഗത്ത് നിന്ന ഉണ്ടായിട്ടുള്ളത്.

ഈ നിയമം നടപ്പിലാക്കി വരികയാണെങ്കില്‍ വഖഫ് സ്വത്തുക്കള്‍ പൂര്‍ണ്ണമായിട്ടും നഷ്ടപെട്ട് പോകാനിടയുണ്ടെന്ന തിരിച്ചറിവ് എല്ലാവര്‍ക്കും ഉണ്ടാകണം. സമാന ചിന്താഗതിക്കാരുമായി കാര്യങ്ങൾ സംസാരിച്ചിട്ടുണ്ട്. എല്ലാവരുടെയും ശക്തമായ എതിര്‍പ്പ് ഇക്കാര്യത്തില്‍ ഉണ്ട്. ഈ ബില്ല് പാര്‍ലമെന്റില്‍ വരികയാണെങ്കില്‍ മുസ്ലിംലീഗ് ശക്തമായി എതിര്‍ക്കുമെന്നും ലീഗ് എംപിമാര്‍ പറഞ്ഞു.

Related Articles

- Advertisement -spot_img

Latest Articles