തിരുവനന്തപുരം: അഡീഷണൽ ഡി ജി പി എം ആർ അജിത് കുമാറിനെതിരെ ഉയർന്നു വന്ന ആരോപണങ്ങളിൽ മുഖ്യമന്ത്രി റിപ്പോർട്ട് തേടി. പോലീസ് മേധാവി ശൈഖ് ദർവേശ് സാഹിബിനോടാണ് റിപ്പോർട്ട് ആവശ്യപ്പെട്ടത്. സർക്കാരിനെയും ആഭ്യന്തര വകുപ്പിനെയും പ്രതിരോധത്തിലാക്കി പി വി അൻവർ ഉയർത്തിയ ആരോപണങ്ങളുടെ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രിയുടെ ഇടപെടൽ ഉണ്ടായത്.
പി വി അൻവർ ഉന്നയിച്ച ആരോപണങ്ങളിലാണ് മുഖ്യമന്ത്രി വിശദീകരണം ചോദിച്ചത്. റിപ്പോർട്ട് ലഭിക്കുന്ന മുറക്ക് നടപടികളിലേക്ക് കടക്കുമെന്നാണ് മനസ്സിലാകുന്നത്. സംസ്ഥാനത്തെ ക്രമസമാധാന ചുമതല വഹിക്കുന്ന അജിത് കുമാറിനെതിരെ കടുത്ത ആരോപണങ്ങളാണ് എം എൽ എ ഉന്നയിച്ചത്.
ദാവൂദ് ഇബ്രാഹിമിനെയാണ് അജിത് കുമാർ മാതൃകയാക്കുന്നതെന്നും ദാവൂദ് ഇബ്രാഹിമിന്റെ ജീവചരിത്രം പഠിച്ചവർക്കെ അജിത് കുമാറിന്റെ ലെവെലിലേക്ക് പോകാൻ കഴിയൂ എന്നും അൻവർ പറഞ്ഞിരുന്നു. മന്ത്രിമാരുടെ ഫോൺ കോളുകൾ വരെ അജിത് കുമാർ ചോർത്തുന്നുണ്ടെന്നും അൻവർ ആരോപിച്ചു.
സത്യസന്ധതയോടെ മുഖ്യമന്ത്രി എൽപ്പിച്ച ഉത്തരവാദിത്വങ്ങൾ പൊളിറ്റിക്കൽ സെക്രട്ടറി പി ശശിയും എ ഡി ജി പി അജിത് കുമാറും നിർവഹിച്ചില്ലെന്നും അൻവർ ആരോപിച്ചിരുന്നു. നിരവധി തെളിവുകൾ എന്റെ കയ്യിലുണ്ടെന്നും ആവശ്യം വരുമ്പോൾ ഹാജറാക്കുമെന്നും എം എൽ എ പത്ര സമ്മേളനത്തിൽ പറഞ്ഞിരുന്നു.