തിരുവന്തപുരം. വയനാട് ദുരന്തത്തിന് ചെലവഴിച്ച തുകയെന്ന പേരില്‍ പ്രചരിക്കുന്ന കണക്കുകള്‍ ശരിയല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വസ്തുതക്ക് നിരക്കുന്ന കാര്യങ്ങളല്ല പ്രചരിക്കുന്നതെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് പുറത്തുവിട്ട പത്രകുറിപ്പില്‍ പറയുന്നു.
അടിയന്തിരമായി അധിക സഹായം ലഭിക്കുന്നതിന് വേണ്ടി കേന്ദ്ര സര്‍ക്കാറിന് സംസ്ഥാന സര്‍ക്കാര്‍ മെമ്മോറാണ്ടം സമര്‍പിച്ചിരുന്നു. വിവിധ വിഷയങ്ങള്‍ക്കാവശ്യമായ പ്രാഥമിക ചെലവുകളുടെയും വരാനിരിക്കുന്ന ചെലവുകളുടെയും കണക്കുകള്‍ വ്യക്തമാക്കിയിട്ടുണ്ട്. ആ കണക്കുകളാണ് ദുരന്ത മേഖലയില്‍ ചെലവഴിച്ച കണക്കുകളായി ഇപ്പോള്‍ പ്രചരിച്ചു കൊണ്ടിരിക്കുന്നത്.
കേന്ദ്രസഹായം നേടാനുള്ള സംസ്ഥാന സര്‍ക്കാറിന്റെ ശ്രമങ്ങളെ തുരങ്കം വെക്കുന്ന സമീപനമാണ് ഇതെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. മാനദണ്ഡങ്ങള്‍ക്കനുസൃതമായി പ്രതീക്ഷിക്കുന്ന ചെലവുകളും വരാനിരിക്കുന്ന അധിക ചെലവുകളും ഉള്‍പ്പെടുത്തി കേന്ദ്രസര്‍ക്കാറിന് സമര്‍പ്പിച്ച മെമ്മോറാണ്ടം ഹൈക്കോടതിയിലും നല്‍കിയിട്ടുണ്ട്.
സംസ്ഥാന സര്‍ക്കാര്‍ കണക്കുകള്‍ പെരുപ്പിച്ചു കാട്ടിയെന്ന പ്രചാരണം കേരളത്തിന്റെ താല്‍പര്യത്തിന് എതിരാണ്. വയനാടിന്റെ പുനര്‍നിര്‍മാണവുമായി ബന്ധപ്പെട്ട് നടക്കുന്ന പ്രവര്‍ത്തനങ്ങളെ തകര്‍ക്കാനുള്ള ശ്രമമാണ്.
ദുരന്ത ബാധിതര്‍ക്ക് അര്‍ഹതപ്പെട്ട സഹായം നിഷേധിക്കാനുള്ള ഗൂഢനീക്കമായി ഇതിനെ കാണുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. ചൂരല്‍മല ദുരന്തവുമായി ബന്ധപ്പെട്ട ഹരജിയില്‍ ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവില്‍ കാര്യങ്ങള്‍ കാര്യങ്ങള്‍ കൃത്യമായി വിശദികരിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.