തിരുവനന്തപുരം: ആർ എസ് എസുമായി എ ഡി ജി പി കൂടിക്കാഴ്‌ച നടത്തിയ വിഷയത്തിൽ ശക്തമായ നിലപാടുമായി സി പി ഐ. ആർ എസ് എസുമായി ബന്ധമുള്ള ഒരാൾ ഇടത് ഭരണത്തിൽ ഒരു കാരണവശാലും എ ഡി ജി പി ആവാൻ പാടില്ല. ക്രമസമാധാന ചുമതലയുള്ള ഒരാൾക്ക് ഒരിക്കലും ആർ എസ് എസ് ബന്ധം പാടില്ലെന്നും സി പി ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു.
എം ആർ അജിത് കുമാറിനെ മാറ്റണമെന്നത് സി പി ഐ യുടെ ഉറച്ച നിലപാടാണ്. ആ നിലപാടാണ് ഞാൻ പറയുന്നത്. കൈയും കാലും വെട്ടുന്നത് കമ്മ്യുണിസ്റ്റ് ശൈലിയല്ല, ആശയങ്ങളെ നേരിടേണ്ടത് ആശയങ്ങൾ കൊണ്ടാണെന്നും സി പി എമ്മിന്റെ കൊലവിളി മുദ്രാവാക്യത്തെ പരാമർശിച്ചുകൊണ്ട് ബിനോയ് പ്രതികരിച്ചു.
ആർ എസ് എസ് ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബാളെയുമായും ആർ എസ് എസ് നേതാവ് റാം മാധവുമായിട്ടാണ് എം ആർ അജിത് കുമാർ കൂടിക്കാഴ്‌ച നടത്തിയത്. ഹൊസബാളെയുമായുള്ള കൂടിക്കാഴ്ച സ്വാകാര്യ സന്ദർശനമായിരുന്നു എന്നാണ് എ ഡി ജി പി പറയുന്നത്. റാം മാധവുമായികൂടിക്കാഴ്‌ച നടത്തിയെന്ന് സ്‌പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ടിലും വ്യക്തമാക്കുന്നുണ്ട്.
ആർ എസ് എസ് നേതാക്കളുമായി കൂടിക്കാഴ്ച എ ഡി ജി പി അജിത്കുമാർ നിഷേധിച്ചിട്ടില്ല, ഔദ്യോഗിക വാഹനം ഉപയോഗിച്ചില്ലെന്ന് മാത്രമാണ് അദ്ദേഹം ഡി ജി പിക്ക് മുന്നിൽ ന്യായീകരിച്ചത്.