41.6 C
Saudi Arabia
Friday, August 22, 2025
spot_img

ഹേമ കമ്മറ്റി റിപ്പോര്‍ട്ട്: പുറത്തുവരാത്തതിനും വന്നതിനും ഉത്തരവാദി വിവരാവകാശ കമ്മിഷന്‍: ഡോ. എ അബ്ദുല്‍ ഹക്കീം

കോഴിക്കോട് : ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് ദീര്‍ഘകാലം പുറത്ത് വിടാതിരുന്നതിന്റെയും ഒടുവില്‍ പൊതുജനങ്ങള്‍ക്കായി പുറത്തുവിട്ടതിന്റെയും പരിപൂര്‍ണ ഉത്തരവാദിത്തം സംസ്ഥാന വിവരാവകാശ കമ്മീഷന് മാത്രമാണെന്ന് കമ്മിഷ്ണര്‍ ഡോ. എ അബ്ദുല്‍ ഹകീം. അതില്‍ മറ്റേതെങ്കിലും സംവിധാനങ്ങളുടെയോ ശക്തികളുടെയോ സ്വാധീനമില്ലെന്നും അദ്ദേഹം പറഞ്ഞു.

മര്‍കസ് ലോ കോളജ് രൂപം നല്‍കിയ ആര്‍ ടി ഐ ക്ലബ്ബിന്റെയും സെമിനാറിന്റെയും ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
ഹേമ കമ്മറ്റി അവരുടെ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത് 2019 ഡിസംബര്‍ 31നാണ്. ഇതിന്റെ പകര്‍പ്പ് പൊതുജനങ്ങളുടെ അറിവിലേക്ക് വിടുന്നതിന് തടസ്സമായത് 2020 ഫെബ്രുവരിയിലെ കമ്മിഷന്റെ ഉത്തരവാണ്. റിപ്പോര്‍ട്ട് പുറത്തുവിടേണ്ടതില്ലെന്ന് അന്ന് കമ്മിഷന്‍ നിര്‍ദ്ദേശിച്ചു. ഇപ്പോള്‍ അതേ റിപ്പോര്‍ട്ട് വ്യക്തികളുടെ സ്വകാര്യത വെളിവാക്കാത്തവിധം പുറത്തുവിടാന്‍ പറഞ്ഞതും വിവരാവകാശ കമ്മിഷന്‍ തന്നെയാണ്. ഈ രണ്ട് ഉത്തരവുകളും നടപ്പാക്കാനേ സാംസ്‌കാരിക വകുപ്പിന് കഴിയുമായിരുന്നുള്ളൂവെന്നും റിപ്പോര്‍ട്ട് പുറത്തുവിടാന്‍ ഉത്തരവിട്ട സംസ്ഥാന വിവരാവകാശ കമ്മീഷണറായ ഡോ. ഹക്കിം വ്യക്തമാക്കി.

വിവരാവകാശ നിയമം ഫലപ്രദമായി ഉപയോഗപ്പെടുത്തുന്നതിന് പൊതുജനങ്ങള്‍ക്ക് പരിശീലനം നല്‍കാന്‍ ക്യാമ്പസ്സുകളില്‍ സ്ഥാപിക്കുന്ന വിവരാവകാശ ക്ലബ്ബുകള്‍ പ്രയോജനപ്പെടുത്തണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു. പ്രിന്‍സിപ്പല്‍ ഡോ. അഞ്ജു എന്‍ പിള്ള അധ്യക്ഷത വഹിച്ചു. അഡ്വ. സമദ് പുലിക്കാട്, ഗോകുല്‍ രാജ് എന്നിവര്‍ സംസാരിച്ചു.

 

Related Articles

- Advertisement -spot_img

Latest Articles