റിയാദ്: ചെങ്കടലിന്റെ സംരക്ഷണത്തിനും സുസ്ഥിരതക്കും ദേശീയ തലത്തിൽ പുതിയ പദ്ധതിയുമായി സൗദി അറേബ്യ. ഇത് സംബന്ധിച്ച പ്രഖ്യാപനം കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ റിയാദിൽ നടത്തി. ചെങ്കടലിന്റെ ആവാസ വ്യവസ്ഥ സംരക്ഷിക്കുകയും നില നിർത്തുകയുമാണ് പദ്ധതിയുടെ ലക്ഷ്യം. സാമ്പത്തിക ശാക്തീകരണവും സാമൂഹിക സഹകരണവും ലക്ഷ്യമാക്കി വിഷൻ 2030 ൽ ഉൾപ്പെടുത്തിയാണ് പദ്ധതി നടപ്പിലാക്കുന്നത്.
ചെങ്കടലിന്റെ ഭൂമിശാസ്ത്രപരവും സാമൂഹികവും സാമ്പത്തികവുമായ സാംസ്കാരികവുമായ പ്രാധാന്യം മുൻനിർത്തിയാണ് പദ്ധതിയെന്ന് കിരീടാവകാശി പറഞ്ഞു. സൗദി സമ്പദ് വ്യവസ്ഥയുടെ അടിസ്ഥാന ഘടകമെന്ന നിലയിൽ നീല സമ്പദ് വ്യവസ്ഥയെ ശക്തിപ്പെടുത്തുകയാണ്. ചെങ്കടൽ പ്രദേശം നീല സമ്പദ് വ്യവസ്ഥയുടെ മികച്ച മാതൃകയാക്കി മാറ്റാൻ രാജ്യത്തിന് കഴിയും. ചെങ്കടലിന്റെ വികസനത്തിലും സംസ്കരണത്തിലും നവീകരണത്തിലും ആഗോള തലത്തിൽ മുന്നിലെത്താൻ രാജ്യത്തിന് സാധിക്കുമെന്നും കിരീടാവകാശി വ്യക്തമാക്കി.
ചെങ്കടലിന്റെ സുസ്ഥിരമായ ഭാവി സൗദി ലക്ഷ്യമിടുന്നുണ്ട്. സൗദി തീരങ്ങളെയും പ്രകൃതിയെയും അതിനെ ആശ്രയിക്കുന്ന സമൂഹത്തെയും സംരക്ഷിക്കാൻ എല്ലാ സമൂഹത്തിന്റെയും സഹകരണം കിരീടാവകാശി ആവശ്യപ്പെട്ടു.